ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2020ല്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി മോഹന്‍ലാല്‍. സംവിധായകനായുള്ള പൃഥ്വിരാജിന്റെ അരങ്ങേറ്റചിത്രം 'ലൂസിഫറി'ലെ പ്രകടനത്തിനാണ് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ഉയരെ, വൈറസ് എന്നീ സിനിമകളിലെ പ്രകടനത്തിന് പാര്‍വതി തിരുവോത്ത് ആണ് മികച്ച നടി. 'ലൂസിഫര്‍' ഒരുക്കിയ പൃഥ്വിരാജ് ആണ് മികച്ച സംവിധായകന്‍. മലയാളസിനിമയുടെ പല തലമുറകള്‍ ഒരുമിച്ച് അണിനിരന്ന വേദിയിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു (ആറാം തീയ്യതി) പുരസ്‌കാരനിശ. 

 

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2020

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്- പി സുശീല

മികച്ച നടന്‍- മോഹന്‍ലാല്‍ (ലൂസിഫര്‍)

മികച്ച നടി- പാര്‍വതി (ഉയരെ, വൈറസ്)

മികച്ച തമിഴ് നടി- മഞ്ജു വാര്യര്‍ (അസുരന്‍)

പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍- ആസിഫ് അലി

മികച്ച സംവിധായകന്‍- പൃഥ്വിരാജ് (ലൂസിഫര്‍)

മികച്ച സിനിമ- ഉയരെ

 

ഗോള്‍ഡര്‍ സ്റ്റാര്‍- നിവിന്‍ പോളി

ജനപ്രിയ തമിഴ് നടന്‍- കാര്‍ത്തി 

മികച്ച വില്ലന്‍- വിവേക് ഒബ്‌റോയ് (ലൂസിഫര്‍) 

ജനപ്രിയ സിനിമ- ലൂസിഫര്‍

സ്വഭാവ നടന്‍- വിജയരാഘവന്‍   

സ്വഭാവ നടി- രജിഷ വിജയന്‍

സഹനടന്‍- സിദ്ദിഖ് 

ഹാസ്യനടന്‍- ധര്‍മജന്‍, ഹരീഷ് കണാരന്‍ 

 

പുതുമുഖതാരം- അന്ന ബെന്‍ 

താരജോഡി- മാത്യു, അനശ്വര 

യൂത്ത് ഐക്കണ്‍- ഉണ്ണി മുകുന്ദന്‍ 

ഗാന രചയിതാവ്- വിനായക് ശശികുമാര്‍ 

സംഗീത സംവിധായകന്‍- വിഷ്ണു വിജയ് 

ഗായകന്‍- വിജയ് യേശുദാസ് 

ഗായിക- ബോംബെ ജയശ്രീ

ബാലതാരം- അച്യുതന്‍ 

ക്രിട്ടിക്‌സ് ചോയ്‌സ് ബെസ്റ്റ് ആക്ടര്‍- സുരാജ് വെഞ്ഞാറമ്മൂട് 

ക്രിട്ടിക്‌സ് ചോയ്‌സ് ഫിലിം- തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 

സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍- സൗബിന്‍ ഷാഹിര്‍, ഹരിശങ്കര്‍

 

മലയാള സിനിമയുടെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി കണ്‍ട്രി ഹെഡ് കെ മാധവനെ ഈ വേദിയില്‍ വച്ച് ആദരിച്ചു. ചലച്ചിത്രരംഗത്തെ പ്രമുഖരായ ജോഷി, പി വി ഗംഗാധരന്‍, ജയസൂര്യ, ജയറാം, അജു വര്‍ഗീസ്, മനോജ് കെ ജയന്‍, വിജയ് ബാബു, ലെന,  അനുശ്രീ, അപര്‍ണ ഗോപിനാഥ്, നദിയ മൊയ്ദു, രണ്‍ജി പണിക്കര്‍,  മണിയന്‍പിള്ള രാജു, ഷാജോണ്‍, തമിഴ് നടി നമിത,  രാജിനി ചാണ്ടി, ഇര്‍ഷാദ്, ആന്‍ അഗസ്റ്റിന്‍, നിഖില വിമല്‍,  സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പം മലയാള സിനിമയിലെ ഒട്ടേറെ പുതുമുഖ താരങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ അനു സിത്താര, ആശ ശരത്, ലക്ഷ്മി ഗോപാലസ്വാമി, മിയ, ഷംന കാസിം, പാരീസ് ലക്ഷ്മി തുടങ്ങി നൂറോളം കലാകാരന്മാര്‍ അവതരിപ്പിച്ച 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസിക്കല്‍ നൃത്തവിരുന്ന് അവാര്‍ഡ് നിശയുടെ പ്രധാന ആകര്‍ഷണമായിരുന്നു. നീരജ് മാധവ്, ഹണിറോസ് , അനശ്വര രാജന്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്ത വിസ്മയങ്ങളും സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ്, ടിനിടോം, കലാഭവന്‍ പ്രജോദ്, ധര്‍മജന്‍, രമേശ് പിഷാരടി, ഹരീഷ് കണാരന്‍,  സുരഭി, സലിംകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുങ്ങിയ കോമഡി സ്‌കിറ്റുകളും ചടങ്ങിന് മാറ്റുകൂട്ടി.