പ്രോഗ്രാമിന്റെ വേദിയില്‍ മലയാളത്തിന്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ ഗായിക പി സുശീലയെ ആദരിച്ചു.


പ്രേക്ഷകരെ പാട്ടുകൾകൊണ്ട് വിസ്‍മയിപ്പിച്ച 'സ്റ്റാർ സിംഗര്‍ സീസൺ 8' ഏഷ്യാനെറ്റിൽ വീണ്ടും സംപ്രേക്ഷണം ചെയ്യുന്നു. അതിനു മുന്നോടിയായി ഏഷ്യാനെറ്റില്‍ ഒരു പുതുവത്സര സമ്മാനമായി മെഗാ സ്റ്റേജ് ഇവന്റ് 'സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 റീ- ലോഞ്ച്' ( Star Singer season 8 relaunch)സംപ്രേഷണം ചെയ്യും. പ്രമുഖ ഗായകരും ചലച്ചിത്ര അഭിനേതാക്കളും പ്രോഗ്രാമില്‍ പങ്കെടുക്കും. ജനുവരി രണ്ട് ഞായറാഴ്‍ച വൈകുന്നേരം ഏഴ് മുതല്‍ ഒമ്പത് വരെയാണ് പ്രോഗ്രാം.

പ്രോഗ്രാമിന്റെ വേദിയില്‍വെച്ച് മലയാളത്തിന്റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ പ്രമുഖ ഗായിക പി സുശീലയെ ആദരിച്ചു. പി സുശീലയ്‍ക്കും പി ജയചന്ദ്രനും സ്റ്റാര്‍ സിംഗേഴ്‍സിലെ മത്സരാര്‍ഥികളും വിധികര്‍ത്തക്കളായ കെ എസ് ചിത്ര, ജി വേണുഗോപാല്‍, സ്റ്റീഫൻ ദേവസ്സി, മഞ്‍ജരി തുടങ്ങിയവര്‍ സംഗീതാര്‍ച്ചനയും അര്‍പ്പിച്ചു. ഇവര്‍ ഒരുമിച്ചുള്ള പാട്ടുകളും വിവിധ പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പ്രേക്ഷകര്‍ക്ക് പുത്തൻ അനുഭവമാകും. ഹിറ്റ് ഗാനങ്ങള്‍ കേള്‍ക്കാനും ഒരു അവസരമാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 റീ- ലോഞ്ച്.

ലോഞ്ച് ഇവന്റിൽ പിസുശീലയും പിജയചന്ദ്രനും വിധികർത്താക്കളും മത്സരാത്ഥികളും സംഗീതവിസ്‍മയം തീര്‍ക്കുമ്പോള്‍ പ്രമുഖതാരങ്ങള്‍ നൃത്ത വശ്യതയുമായും എത്തും. പ്രമുഖ താരങ്ങളായ ഗ്രേസ് ആന്റണിയും സ്വാസ്‍തികയും അടക്കമുള്ളവരാണ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. വിനീത് ശ്രീനിവാസനാണ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 റീ- ലോഞ്ച് ഔദ്യോഗികമായിനിർവഹിച്ചത്. സംഗീത വിസ്‍മയവുമായി വേദിയില്‍ വിനീത് ശ്രീനിവാസനൊപ്പം ഹിഷാമും ഉണ്ടായിരുന്നു.

ചിരി നമ്പറുകളുമായി പ്രോഗ്രാമില്‍ അജു വര്‍ഗീസും ചേര്‍ന്നു. പുതിയ റൗണ്ടുകളും പുതുമകളും ആയിട്ടാണ് സ്റ്റാർ സിംഗർ സീസൺ 8 എത്തുന്നത്. ലോഞ്ചുകഴിഞ്ഞുള്ള ശനി, ഞായര്‍ ദിവസങ്ങളിലാണ് സ്റ്റാർ സിംഗര്‍ സീസൺ 8 ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുക. ഏഷ്യാനെറ്റില്‍ ഏറ്റവും ഹിറ്റായ ഒരു പ്രോഗ്രാമാണ് സ്റ്റാർ സിംഗര്‍.