"ഇതുവരെ ചെയ്യാത്ത ഒരു ഒരു റോൾ ആണ്"

നിറവയറുമായി വെള്ള ഗൗൺ അണിഞ്ഞ് മാലാഖയപ്പോലെ എത്തി അമലപോൾ. അഭിഷേക് ഫിലിംസിന്റെ ആദ്യ മലയാള ചിത്രവും സൂപ്പർ ഹിറ്റ് ചിത്രം കൂമനുശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായി എത്തുന്നചിത്രവുമായ ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു താരം. ജിത്തു ജോസഫ്, സംവിധായകൻ അർഫാസ് അയൂബ് എന്നിവർ ചേർന്ന് ചിത്രത്തിന്റെ ഓഡിയോ സിഡി ഇന്ദ്രൻസിന് കൈമാറി ലോഞ്ച് നിർവഹിച്ചു. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകി വിനായക് ശശികുമാർ വരികൾ എഴുതി, ദേവു മാത്യു പാടിയ പയ്യെ പയ്യെ എന്ന് തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തത്.

"ഇത് ഒരിക്കലും കേരളത്തിൽ നടക്കാത്ത കഥയാണ്. അങ്ങനെ അന്വേഷിച്ചാണ് ഞങ്ങൾ ടുണീഷ്യയിൽ എത്തിയത്". ടുണീഷ്യയിൽ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രമാണിതെന്നും സംവിധായകൻ വേദിയിൽ പറഞ്ഞു. "സാധാരണ റിലീസിന് മുൻപേ എന്ത് പറഞ്ഞാലും അത് തിരിച്ചടി ആകാറുണ്ട്. എന്നാൽ ഇതിലെനിക്ക് ഒരുപാട് വിശ്വാസമുണ്ട്", ആസിഫലി പറഞ്ഞു. "ഇതുവരെ ചെയ്യാത്ത ഒരു ഒരു റോൾ ആണ്. പിന്നെ നല്ല സിനിമകൾ ചെയ്തeലാണല്ലോ കയ്യടികൾ ലഭിക്കുക". അടുത്ത തവണ ഇതിലും കൂടുതൽ കയ്യടികൾ ലഭിക്കട്ടെ എന്നും ആസിഫ് ഹാസ്യരൂപത്തിൽ കൂട്ടിച്ചേർത്തു. 

"ആടുജീവിതത്തിന്റെ വിജയത്തിന് ശേഷം വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം ലഭിക്കാൻ പോകുന്ന ഒരു കഥാപാത്രമാണിത്". ഒരുപാട് സന്തോഷത്തോടെ നിൽക്കുന്ന ഈ വേളയിൽ ലെവൽ ക്രോസ്സിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമാകാനും എല്ലാവരെയും കാണാനും സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അമലയും വേദിയിൽ പറഞ്ഞു. "ഇന്ത്യ വിട്ടുള്ള എന്റെ ആദ്യത്തെ അനുഭവമാണിത്. ഇതെക്കുറിച്ച് കൂടുതൽ പറയണമെന്നുണ്ട്". എന്നാൽ കഥാപാത്രത്തെ കുറിച്ചോ കഥയെ കുറിച്ചോ ഒന്നും പറയരുതെന്ന് പറഞ്ഞതിനാൽ ഇതൊരു നല്ല ത്രില്ലർ സിനിമയാണെന്ന് മാത്രം പറയുന്നു എന്ന് ഷറഫുദീനും പറഞ്ഞു.

മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബഡ്ജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന റാമിന്‍റെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമല, ഷറഫു കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടി ആയിരിക്കും ഇത്. ഇങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഉണ്ട് ഈ ചിത്രത്തിന്.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ മോഷൻ പോസ്റ്ററും വേദിയിൽ റിലീസ് ചെയ്‌തു. അതോടൊപ്പം അമല പോൾ, ഷറഫുദ്ദീന്‍, ആസിഫ് അലി എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളും റിലീസ് ചെയ്‌തു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. സിനിമാ മേഖലയിലുള്ള മറ്റു പ്രമുഖരും ലോഞ്ചിൽ പങ്കെടുത്തു.

താരനിരയിൽ മാത്രമല്ല ടെക്നിക്കൽ ടീമിലും ഗംഭീര നിര തന്നെയുണ്ട്. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം ലിന്‍റ ജീത്തു, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്, പി ആർ ഒ മഞ്ജു ഗോപിനാഥ്.

ALSO READ : മുന്നില്‍ 'മഞ്ഞുമ്മലും' 'അയലാനും' മാത്രം! ബോക്സ് ഓഫീസില്‍ ആ നേട്ടം കൊയ്‍ത് 'അറണ്‍മണൈ 4'

Payye Payye | Level Cross| Asif Ali, Amala Paul, Sharafudheen | Arfaz Ayub| Vishal Chandrashekahar