ബിജു മേനോൻ നായകനായെത്തിയ വെള്ളി മൂങ്ങ എന്ന ചിത്രത്തിന് ശേഷം വീണ്ടും രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയുമായി ജിബു ജേക്കബ്. 'എല്ലാം ശരിയാകും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫലിയും രജിഷ വിജയനുമാണ് നായികാ നായകൻമാരായി എത്തുന്നത്.  ഡോ. പോള്‍സ് എന്റെര്‍ടൈന്‍മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനെട്ടിന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും.

വെള്ളിമൂങ്ങയില്‍ ആസിഫലി അതിഥിതാരമായി എത്തിയിരുന്നു. രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഒരു യുവാവിന്റെ കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി (മഹാനദി ഫെയിം), ജോര്‍ഡി പൂഞ്ഞാര്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം - ദിലീപ് നാഥ്, കോസ്റ്റ്യൂം ഡിസൈന്‍ - നിസ്സാര്‍ റഹ്മത്ത്, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂര്‍, സ്റ്റില്‍സ് - ലിബിസണ്‍ ഗോപി, അസോസിയേറ്റ് ഡയക്ടര്‍ - രാജേഷ് ഭാസ്‌ക്കരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് പൂങ്കുന്നം. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് ആസിഫലി ജിബു ജേക്കബ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.