ആസിഫ് അലിയെ നായകനാക്കി ജിബു ജേക്കബ് സിനിമയൊരുക്കുന്നു. 'എല്ലാം ശരിയാകും' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രജിഷ വിജയനാണ് നായിക. ഷാരിസ്, ഷാല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജിബു ജേക്കബിന്റെ നാലാം ചിത്രമാണിത്. ആദ്യരാത്രിക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രവും.

സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍.. 'എല്ലാം ശരിയാകും'. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് ജിബു ജേക്കബും ആസിഫ് അലിയും ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പരസ്യവാചകമായിരുന്നു 'എല്ലാം ശരിയാകും' എന്നത്.

കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ലയും പൂമരം എന്ന ചിത്രത്തിനുശേഷം ഡോക്ടർ പോൾ വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. എഡിറ്റിംഗ് സൂരജ് ഇ എസ്. വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്.