ലയാള സിനിമയില്‍ വ്യത്യസ്തമായ ത്രില്ലിംഗ് അനുഭവം നല്‍കിയ ചിത്രമായിരുന്നു ട്രാഫിക്. രാജേഷ് പിള്ള ആദ്യമായി സംവിധാനം ചെയ്ത ചിത്രം 2011ലാണ് തിയേറ്ററുകളിലെത്തിയത്. പത്ത് വർഷം മുമ്പ് ഇതേദിവസം തിയേറ്ററിലെത്തി തരംഗംതീര്‍ത്ത ട്രാഫിക് നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കംകുറിച്ചത്. അവയവമാറ്റത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ സിനിമ റോഡ്മാര്‍ഗം അവ എത്തിക്കുന്നതിലെ പ്രായോഗികതകൂടി വിവരിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ പത്താം വാര്‍ഷികത്തില്‍ ട്രാഫികിന്റെ ഓര്‍മ്മകൾ പങ്കുവയ്ക്കുകയാണ് നടന്‍ ആസിഫ് അലി.

ഇത്തരം സിനിമകള്‍ ഇനിയുമുണ്ടാകണമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കുന്ന അപൂര്‍വ്വം ചിത്രങ്ങളിലൊന്നാണ് ട്രാഫിക് എന്നായിരുന്നു ആസിഫ് ഫേസ്ബുക്കിൽ കുറിച്ചത്. ട്രാഫികിന്റെ പത്ത് വര്‍ഷങ്ങള്‍ എന്നു പറഞ്ഞുകൊണ്ടാണ് താരം കുറിപ്പ് ആരംഭിക്കുന്നത്. ‘നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല..  ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും, മറക്കപെടും.. പക്ഷെ നിങ്ങളുടെ ഒരൊറ്റ യെസ് ചിലപ്പോൾ ചരിത്രമാകും.  വരാനിരിക്കുന്ന ഒരുപാട് പേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം’ എന്ന ട്രാഫിക്കിലെ ഏറ്റവും ഹിറ്റായ ഡയലോഗും ആസിഫ് പങ്കുവച്ചു.

ചിത്രത്തിന്റെ അവസാന ഭാഗത്ത് നിവിന്‍ പോളി സ്പീഡ് പേടിയില്ലല്ലോ എന്ന് ആസിഫ് കഥാപാത്രത്തോട് ചോദിക്കുന്ന രംഗത്തിന്റെ വീഡിയോയും നടന്‍ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് പത്തുവര്‍ഷം പിന്നിടുമ്പോഴും സംവിധായകന്‍ രാജേഷ് പിള്ളയുടെ വിയോഗം ഒരു നൊമ്പരമായി നിലനില്‍ക്കുകയാണ്.