Asianet News MalayalamAsianet News Malayalam

യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് ആസിഫ് അലി

വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

asif ali received uae golden visa
Author
Thiruvananthapuram, First Published Sep 27, 2021, 3:29 PM IST

യുഎഇ ഗോള്‍ഡന്‍ വിസ (UAE Golden Visa) സ്വീകരിച്ച് നടന്‍ ആസിഫ് അലി (Asif Ali). ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആസിഫ് അലിയും കുടുംബവും ഗോൾഡൻ വീസ ഏറ്റുവാങ്ങി.  മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായ മറ്റുള്ളവര്‍. എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.

ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്‍റെ ചിത്രത്തിനൊപ്പം ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. "നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ. ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ അധ്വാനത്തെയും കഴിവിനെയും എക്കാലത്തും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹിസ് ഹൈനസ് ഷെയ്‍ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‍തൂമിനും ഈ രാജ്യത്തിന്‍റെ മറ്റു നേതാക്കള്‍ക്കും നന്ദി. ഇതൊരു വലിയ പ്രചോദനമാണ്. ഈ രാജ്യം അഭിവൃദ്ധിപ്പെട്ടതിന്‍റെ രീതി എന്നില്‍ എല്ലായ്പ്പോഴും ബഹുമാനം ഉണ്ടാക്കിയിരുന്നു. യുഎഇയുമായി ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ബന്ധപ്പെട്ടതുപോലെ തോന്നുന്നു", ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Asif Ali (@asifali)

 

അതേസമയം നിരവധി ചിത്രങ്ങളാണ് ആസിഫ് അലിയുടേതായി തിയറ്ററുകളിലെത്താനായി തയ്യാറെടുത്തിരിക്കുന്നത്. 'കെട്ട്യോളാണ് എന്‍റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ആസിഫിന്‍റേതായി സോളോ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. ജിസ് ജോസ്‍യുടെ കുഞ്ചാക്കോ ബോബന്‍ ചിത്രം 'മോഹന്‍കുമാര്‍ ഫാന്‍സി'ലെ അതിഥിവേഷവും ഒപ്പം 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തില്‍ വേണു സംവിധാനം ചെയ്‍ത 'രാച്ചിയമ്മ' എന്ന ഭാഗത്തിലെ കഥാപാത്രവുമാണ് ഈ വര്‍ഷം ആസിഫിന്‍റേതായി എത്തിയത്. മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ, സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത്, രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, നവാഗതനായ നിഷാന്ത് സാറ്റുവിന്‍റെ എ രഞ്ജിത്ത് സിനിമ, ജിബു ജേക്കബിന്‍റെ എല്ലാം ശരിയാകും തുടങ്ങി നിരവധി ചിത്രങ്ങളാണ് ആസിഫിന്‍റേതായി ഇനി തിയറ്ററുകളില്‍ എത്താനുള്ളത്.

Follow Us:
Download App:
  • android
  • ios