ആസിഫ് അലി അഭിനയിക്കുന്ന ഭാഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
മലയാളി പ്രേക്ഷകരുടെ പിയപ്പെട്ട താരങ്ങളില്‍ ഒരാളായ ആസിഫ് അലി സീരിയിലില്‍ അഭിനയിക്കുന്നുവെന്ന് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പര 'ഗീതാഗോവിന്ദ'ത്തിലാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലിയായിട്ട് തന്നെയാണ് സീരിയലില്‍ താരം എത്തുന്നത്. അതിഥി വേഷത്തിലാണ് എത്തുന്നത് എങ്കിലും ആസിഫ് അലിയുടെ ഭാഗം വളരെ പ്രധാനമാണ് എന്ന് വ്യക്തമാക്കി പുതിയ പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്.
പരമ്പരയിലെ നായകന്റെ അനുജത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലി പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിക്കാൻ തുടങ്ങിയ ആ യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരില്‍ ഒരാളാണ്. സുഹൃത്ത് 'ഗോവിന്ദ് മാധവാ'ണ് അത് എന്നും നായകനെ കുറിച്ച് പ്രൊമൊയില്‍ ആസിഫ് അലി പറയുന്നു.
ബിസിനസ്സ് പ്രമുഖനും അവിവിവാഹിതനുമായ 'ഗോവിന്ദ് മാധവി'ന്‍റെയും ഇരുപത്തിമൂന്നുകാരിയായ 'ഗീതാഞ്ജലി'യുടെയും കഥ പറയുന്ന പരമ്പരയാണ് 'ഗീതാഗോവിന്ദം'. ഫെബ്രുവരി 13 മുതൽ ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്. സാജൻ സൂര്യ, സന്തോഷ് കുറുപ്പ് , ബിന്നി, രേവതി, ശ്വേത, അമൃത, ഉമാ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് കിഴാറ്റൂരും അതിഥി വേഷത്തിലുണ്ട്.
'മഹേഷും മാരുതിയും' ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതു ആണ്. എൺപതുകളിലെ ഒരു മാരുതി കാറിനേയും 'ഗൗരി' എന്ന പെൺകുട്ടിയേയും ഒരുപോലെ പ്രണയിക്കുന്ന 'മഹേഷ്' എന്ന ചെറുപ്പക്കാരന്റെ പ്രണയത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സേതുവാണ് ആസിഫ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും.
Read More: ഉദ്വേഗം നിറച്ച് 'പകലും പാതിരാവും', ട്രെയിലര്‍ പുറത്തുവിട്ടു
