മകളുടെ മൂന്നാം പിറന്നാളിന്, കുട്ടിയുടെ പേരിനെക്കുറിച്ച് വിശദീകരിച്ച് നടി അസിന്‍ തോട്ടുങ്കല്‍. 'അറിന്‍ റായിന്‍' എന്നാണ് അസിന്‍റെ മകളുടെ പേര്. ജാതിക്കും മതത്തിനും പുരുഷാധിപത്യത്തിനും അതീതമാണ് ആ പേരെന്ന് അസിന്‍ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം വ്യത്യസ്തമായ പേര് കണ്ടെത്തിയ വഴിയെക്കുറിച്ചും അവര്‍ പറയുന്നു. മകളുടെ മൂന്നാം പിറന്നാളിന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പിലാണ് അസിന്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

"അറിന്‍ റായിന്‍- ഈ രണ്ട് വാക്കുകളും എന്‍റെയും രാഹുലിന്‍റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്‍പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്", മകളുടെ പേരിനെക്കുറിച്ച് അസിന്‍ കുറിച്ചു. ഒപ്പം ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട് അസിന്‍.

സത്യന്‍ അന്തിക്കാട് ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക (2001)യിലൂടെ സിനിമയിലെത്തിയ അസിന്‍ പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലേക്കും എത്തി. വലിയ താരങ്ങള്‍ക്കൊപ്പം അതാത് ഇന്‍ഡസ്ട്രികളില്‍ വലിയ വിജയചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മ്മയുമായുള്ള വിവാഹം 2016ല്‍ ആയിരുന്നു. അഭിഷേക് ബച്ചന്‍ നായകനായ 'ഓള്‍ ഈസ് വെല്‍' (2015) ആണ് അസിന്‍ അഭിനയിച്ച് അവസാനം പുറത്തെത്തിയ ചിത്രം.