അസ്‍ല മാര്‍ലി ഉപ്പയെ കുറിച്ച് പറഞ്ഞ വാക്കുകള്‍.

യൂട്യൂബർ, വ്ളോഗർ, ഇൻഫ്ലൂവൻസർ എന്നീ ലേബലുകളിൽ സോഷ്യൽ മീഡിയയിൽ സജ്ജീവമാണ് അസ‍്ല മാർലി എന്ന ഹില. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഉപ്പയെക്കുറിച്ചും ഉമ്മയെക്കുറിച്ചുമൊക്കെയാണ് അസ്‍ല പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്. തന്റെ ഉമ്മയുടെ രണ്ടാം വിവാഹത്തിന് മുൻകൈ എടുത്തത് താൻ തന്നെയാണെന്നും രണ്ടാനച്ഛനായിട്ടല്ല, സ്വന്തം അച്ഛനായാണ് അദ്ദേഹത്തെ കാണുന്നതെന്നും അസ്‍ല പറയുന്നു.

''ഉമ്മയ്ക്ക് വീണ്ടും കല്യാണം കഴിക്കാനൊന്നും താല്‍പര്യമില്ലായിരുന്നു. ഞാന്‍ തന്നെയായിരുന്നു ഈ ഉപ്പയെ കണ്ടെത്തിയത്. കൂടെ നിന്ന് ഞാന്‍ അറിഞ്ഞിരിക്കുന്നത് ഈ ഉപ്പയെയാണ്. രണ്ടാനച്ഛൻ എന്നു പറയുന്നതൊന്നും എനിക്ക് ഇഷ്ടമല്ല മനസറിഞ്ഞ് തന്നെയാണ് അദ്ദേഹത്തെ ഉപ്പ എന്ന് വിളിക്കുന്നത്. ഞാൻ ഡിഗ്രി പഠിക്കുന്ന ടൈമിലായിരുന്നു ഉപ്പയുടെയും ഉമ്മയുടെയും വിവാഹം. ചെറുപ്പത്തില്‍ ഒരുപാട് കാര്യങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ട്. അതിനെല്ലാമുള്ള ഉത്തരമാണ് ഉപ്പ.

എന്റെ ബയോളജിക്കല്‍ ഫാദറിനും എന്നോട് നല്ല സ്‌നേഹമായിരുന്നു. അദ്ദേഹവും എന്നെ നന്നായി നോക്കിയിട്ടുണ്ട്. അതിലൊന്നും ഒരു പരാതിയുമില്ല. ഞാന്‍ പത്താം ക്ലാസ് പഠിക്കുമ്പോഴായിരുന്നു അവരുടെ ഡിവോഴ്‌സ്. ഉപ്പ ഗള്‍ഫിലൊക്കെയായിരുന്നു. രണ്ട് വര്‍ഷം കൂടുമ്പോഴൊക്കെയായിരുന്നു വരുന്നത്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഉപ്പയ്ക്കും ഉമ്മയ്ക്കും ഒന്നിച്ച് പോവാന്‍ പറ്റിയില്ല. അവര്‍ക്ക് അവരുടേതായിട്ടുള്ള പ്രശ്നങ്ങൾ കാണും. ഡിവോഴ്‌സായപ്പോള്‍ ഉമ്മയുടെ കൂടെയായിരുന്നു ഞാന്‍. ഉപ്പ വേറെ വിവാഹം കഴിച്ച് ഭാര്യയും മക്കളുമായിട്ടായിരുന്നു താമസം. ഞാനുമായി കോണ്ടാക്‌റ്റൊന്നുമില്ലായിരുന്നു. പക്ഷേ, ആരേയും ഞാൻ കുറ്റപ്പെടുത്തുന്നില്ല. ഉപ്പയ്ക്ക് കാന്‍സറായിരുന്നു. പക്ഷേ, എന്നെ അറിയിച്ചിട്ടില്ലായിരുന്നു. യൂട്യൂബില്‍ കമന്റുകള്‍ വന്നപ്പോഴാണ് അദ്ദേഹം വയ്യാതെ കിടക്കുകയാണെന്ന് ഞാന്‍ അറിഞ്ഞത്. നിന്റെ ഉപ്പ വയ്യാണ്ട് ചാവാന്‍ കിടക്കുകയാണല്ലോ എന്നൊക്കെയായിരുന്നു കമന്റുകള്‍. അതറിഞ്ഞ് അന്വേഷിച്ച് ചെന്നപ്പോഴേക്കും ഉപ്പ മരിച്ചിരുന്നു'', അസ്‍ല അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക