'അമ്മ'യുടെ നിലപാടിനെതിരെ  ഇന്‍റേണൽ കമ്മിറ്റി അംഗങ്ങൾ തന്നെ രാജിവെച്ച് പ്രതിഷേധമറിയിച്ചിരിക്കുകയാണ് (Vijay Babu case).


ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയബാബുവിനെ സംരക്ഷിച്ച് അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' തന്നെ രംഗത്തെത്തിയതോടെ അവരുടെ ഇരട്ടത്താപ്പാണ് മറനീക്കി പുറത്തുവരുന്നത്. നിലപാടിനെതിരെ 'അമ്മ'യിലെ ഇന്‍റേണൽ കമ്മിറ്റി അംഗങ്ങൾ തന്നെ രാജിവെച്ച് പ്രതിഷേധമറിയിച്ചതോടെ രംഗം വഷളായി. ഇതോടെ പ്രധാനപ്പെട്ടൊരു ചോദ്യമാണായുരുന്നത് (Vijay Babu case).

''അമ്മ'യ്ക്കെന്താ ആൺ മക്കളെ മതിയോ?'

വിജയ് ബാബു സംഭവത്തോടെയല്ല ഇങ്ങനെയൊരു സംശയം പൊതുസമൂഹത്തിൽ ഉയരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ സംരക്ഷിച്ച് സംഘടനയൊന്നാകെ രംഗത്ത് വന്നപ്പോൾ മുതൽ തുടങ്ങിയതാണ്. ഇതിനെതിരെ അവിടെയും ഇവിടെയും പൊട്ടലും ചീറ്റലുകളും ഉണ്ടായെങ്കിലും സംഘടനെ നിയന്ത്രിക്കുന്ന താരരാജാക്കൻമാരുടെ കണ്ണുരട്ടലിൽ പലരും മുഖം പൊത്തി.

വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ് വരുമ്പോഴും താരസംഘടനയായ 'അമ്മ'യുടെ തനിനിറമാണ് വീണ്ടും മറനീക്കി പുറത്തുവരുന്നത്. ദിലീപിന്‍റെ കാര്യത്തിലെ നിലപാടിൽ നിന്ന് കാര്യമായ മാറ്റം വന്നിട്ടില്ലെന്നും വ്യക്തം.

ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബു ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയതാണ് താരസംഘനയിൽപ്പോലും എതിർപ്പിന് ഇടയാക്കിയത്. ബലാത്സംഗക്കേസിൽ പൊലീസ് അന്വേഷണം തുടരട്ടെ, സത്യം പുറത്തുവരട്ടെ എന്നായിരുന്നു എക്സിക്യുട്ടീവ് കമ്മിറ്റിയിലെ മിക്കവരുടെയും നിലപാട്. എന്നാൽ ഇരയുടെ പേരുപറഞ്ഞ വിജയ് ബാബുവിന്‍റെ നടപടി പൊറുക്കാനാകില്ലെന്നായിരുന്നു എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളടക്കമുളള മറുവിഭാഗം പറഞ്ഞത്. നടൻ ബാബുരാജ് അടക്കമുളളവർ ഇതിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെയാണ് തർക്കം ഉടലെടുത്തത്.

വിജയ് ബാബുവിനെതിരായ നടപടി ചർച്ച ചെയ്യാൻ കൊച്ചിയിൽ 'അമ്മ' എക്സിക്യുട്ടീവ് ചേരും മുമ്പ് രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്ന് എക്സിക്യുട്ടീവിൽ നിന്ന് പുറത്താക്കുക, എല്ലെങ്കിൽ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യുക. ഒരാളെ പുറത്താക്കണമെങ്കിൽ ജനറൽ ബോ‍ഡി യോഗം ചേരണമെന്നാണ് 'അമ്മ'യുടെ ഭരണഘടന. അതുകൊണ്ടുതന്നെ എല്ലാ അംഗങ്ങൾക്കും പാഠമാകും വിധം വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് നടി ശ്വേതാ മേനോൻ അധ്യക്ഷയായ ഇന്‍റേണൽ കംപ്ലെയിൻസ് കമ്മിറ്റി 'അമ്മ'യോട് ശുപാർശ ചെയ്‍തത്. എന്നാൽ ഇവരൊന്നും പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങൾ നടന്നത്.

'അമ്മ' എക്സിക്യൂട്ടീവിൽ വിജയ് ബാബുവിനായി ചേരിതിരിഞ്ഞ് വാദപ്രതിവാദമുണ്ടായി. വിജയ് ബാബു കുറ്റാരോപിതൻ മാത്രമാണെന്നും കോടതി വിധി ഉണ്ടായിട്ടില്ലെന്നും പൊലീസ് അന്വേഷണം തുടങ്ങിയിട്ടേയുളളുവെന്നും നിജ സ്ഥിതി വ്യക്തമായിട്ടുമതി നടപടിയെന്നുമായിരുന്നു ഒരു വിഭാഗത്തിന്‍റെ നിലപാട്. എന്നാൽ ഇത് ശരിയല്ലെന്ന് നടൻ ബാബുരാജ് അടക്കമുളളവ‍ർ വാദിച്ചു. കുറ്റാരോപിതനായ വ്യക്തിയെ സംഘടന തൽക്കാലത്തക്കെങ്കിലും മാറ്റി നി‍ർത്തണം, ഭാവിയിൽ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ എന്നായിരുന്നു മറുവിഭാഗത്തിന്‍റെ നിലപാട്. 'അമ്മ' എക്സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കണമെന്നും അത്തരത്തിൽ വാർത്താക്കുറിപ്പ് ഇറക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഈ ഘട്ടത്തിലാണ് വിജയ് ബാബുവിനെ രക്ഷിക്കാൻ പ്രതിയുടെ അനുകൂലികൾ തന്നെ മറുതന്ത്രമിറക്കിയത്. എക്സിക്യുട്ടീവിൽ നിന്ന് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ച് വിജയ് ബാബു നൽകിയ കത്ത് ഇവർ എടുത്തിട്ടു. അതായത് വിജയ് ബാബുവിനെ 'അമ്മ' ഇടപെട്ട് എക്സിക്യുട്ടീവിൽ നിന്ന് മാറ്റി നിർത്തുകയല്ല മറിച്ച് വിജയ് ബാബു സ്വന്തം താൽപര്യപ്രകാരം മാറി നിൽക്കുന്നു. അങ്ങനെ വിജയ് ബാബുവിന് തട്ടുകേടില്ലാതെ കാര്യം നടപ്പാക്കുക. ഈ നിലപാടിനെ മറുവിഭാഗം ചോദ്യം ചെയ്‍തെങ്കിലും കാര്യമുണ്ടായില്ല. ഇതിന് പിന്നാലെയാണ് വിജയ് ബാബുവിനെ പൊതിഞ്ഞുപിടിച്ച് 'അമ്മ'യുടെ വാ‍ർത്താക്കുറിപ്പ് ഇറങ്ങിയത്. അതായത് വിജയ് ബാബുവിനെതിരെ 'അമ്മ'യുടെ നടപടിയില്ല.പുറത്താക്കലോ സസ്പെൻഷനോ ഇല്ല. മറിച്ച് മാറിനിൽക്കാനുളള വിജയ് ബാബുവിന്‍റെ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു.

ഈ ഇരട്ടത്താപ്പ് അറിഞ്ഞതോടെയാണ് നടി മാലാ പാർവതിയടക്കമുളളവർ ഇനി ഇന്‍റേഷൽ കംപെയിൻസ് കമ്മിറ്റിയിൽ തുടരേണ്ടെന്ന് തീരുമാനിച്ചത്. ഇരയെയല്ല വേട്ടക്കാരനെ സംരക്ഷിക്കുന്ന 'അമ്മ'യുടെ നിലപാടിനെയാണ് ഇവർ ചോദ്യം ചെയ്യുന്നത്.

താരസംഘടനയായ 'അമ്മ' ഒരു തൊഴിലാളി സംഘടനയല്ല, താരരാജാക്കൻമാർ നയിക്കുന്ന ക്ലബാണെന്ന് മുന്പേതന്നെ വിമർശനം ഉയർന്നിട്ടുണ്ട്. 'അമ്മ'യ്ക്ക് എല്ലാ മക്കളും ഒരുപോലെയല്ലെ; ആൺ മക്കളോടെന്താ കൂടുതൽ സ്‍നേഹം എന്ന് ദിലീപ് വിഷയം വന്നപ്പോഴും ചോദ്യമുയർന്നതാണ്. ഭാരവാഹികൾ മാറിമാറിവന്നാലും 'അമ്മ'യുടെ പൊതുസ്വഭാവത്തിൽ മാറ്റമില്ലെന്ന് വിജയ് ബാബു സംഭവത്തോടെ വീണ്ടും വ്യക്തമാവുകയാണ്.