ധനുഷിനൊപ്പം മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെട്രിമാരന്‍ ചിത്രം 'അസുരന്റെ' സെന്‍സറിംഗ് പൂര്‍ത്തിയായി. 'യുഎ' സര്‍ട്ടിഫിക്കേഷനാണ് ചിത്രത്തിന്. മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രവുമായ അസുരന്‍ ഒക്ടോബര്‍ നാലിനാണ് തീയേറ്ററുകളില്‍ എത്തുക.

പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒരുമിക്കുകയാണ് അസുരനിലൂടെ. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ചിത്രം.

അഭിരാമി, കെന്‍ കരുണാസ്, ടീജേ അരുണാചലം, പ്രകാശ് രാജ്, പശുപതി, ആടുകളം നരേന്‍, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, പവന്‍ എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്‍ വേല്‍രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ രാമര്‍. ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് നിര്‍മ്മാണം.