വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അശ്വതി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ് താരങ്ങളായി മാറിയ താരങ്ങളാണ് രാഹുൽ രാമചന്ദ്രനും ഭാര്യ അശ്വതി രാഹുലും. തന്നെയും അശ്വതിയും കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം രാഹുൽ എത്തിയിരുന്നു. രാഹുലിനെ അഭിനയിക്കാൻ വിളിച്ചാല്‍ അശ്വതി പ്രശ്‌നമുണ്ടാക്കും, മറ്റൊരു നടിക്കൊപ്പം അഭിനയിക്കുന്നത് അശ്വതിക്ക് ഇഷ്ടമല്ല‌ എന്നും രാഹുലിനും തിരിച്ച് ഇതേ പ്രശ്നമുണ്ടെന്നും വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാണ് താരം പറ‍ഞ്ഞത്. ഇതിന്റെ പേരില്‍ ഒന്നര വര്‍ഷത്തോളം വരുമാനം ഇല്ലാതിരുന്നു എന്നും രാഹുൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അശ്വതി. ഈ പ്രശ്നങ്ങൾ കാരണം തനിക്ക് ഒരു അബോർഷൻ പോലും ഉണ്ടായി എന്നും അശ്വതി പറയുന്നു.

''ക്യാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരിച്ചതിന് പിന്നാലെയാണ് ഇന്റസ്ട്രിയില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തത്. മൂന്ന് മാസത്തോളം എവിടെയും ആക്ടീവ് അല്ലായിരുന്നു. അതിന് ശേഷം ഈ അവസ്ഥയില്‍ നിന്നൊന്ന് മാറണം, എന്‍ഗേജ്ഡ് ആവണം എന്ന് കരുതിയാണ് വീണ്ടും പ്രൊജക്ടുകള്‍ ചെയ്യാന്‍ തീരുമാനിച്ചത്. പക്ഷേ ഞങ്ങളെ സംബന്ധിച്ച ‌ഗോസിപ്പുകൾ പ്രചരിക്കുന്നത് അറിഞ്ഞു.

ഒന്നര വര്‍ഷത്തോളം വര്‍ക്കുകളൊന്നും ഇല്ലാതെയായി. അച്ഛന്റെ മരണം, ജോലി ഇല്ലാത്ത അവസ്ഥ, അനാവശ്യമായി പ്രചരിക്കുന്ന ഗോസിപ്പുകള്‍ എല്ലാം കാരണം എനിക്കൊരു മിസ്കാര്യേജ് ഉണ്ടായി. അത്രയധികമായിരുന്നു ആ മാനസിക സമ്മർദം. അതിനിടയിലാണ് ഒരു വരുമാനം എന്ന നിലയില്‍ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിച്ചത്. അവസാനം ദൈവാനുഗ്രഹം എന്നത് പോലെയാണ് വര്‍ക്ക് കിട്ടിയത്. അത് നല്ല രീതിയില്‍ പോകുമ്പോഴേക്കും വീണ്ടും ഗോസിപ്പ് വന്നു. ഒരു പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ്'', എന്നാണ് അശ്വതി വീഡിയോയിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക