ഒരുകാലത്ത് പ്രേക്ഷകര്‍ ഏറ്റെടുത്ത ഡയലോഗുകളും സിനിമകളുമെല്ലാം പില്‍ക്കാലത്ത് വിമര്‍ശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. താരങ്ങളും സിനിമാപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരും വിമര്‍ശനങ്ങളുമായി എത്താറുണ്ട്. ഇത്തരത്തിൽ മമ്മൂട്ടിയുടെ ഒരു പ്രൊപ്പോസല്‍ സീനും ഡയലോഗുകളുമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ദുബായ് എന്ന സിനിമയിലെ ഈ സംഭാഷണം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. 

മമ്മൂട്ടിയുടെ രവി മാമ്മന്‍ എന്ന നായക കഥാപാത്രം അഞ്ജലാ സാവേരി അവതരിപ്പിക്കുന്ന അമ്മു സ്വാമിനാഥനോട് പറയുന്നതാണ് ഡയലോഗ്. ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്ന് തോന്നുന്നില്ലെന്നും അശ്വതി ഫേസ്ബുക്കിൽ കുറിക്കുന്നു. 

"എത്രയൊക്കെ ദൂരേക്ക് പറന്നാലും, വീണ്ടും ഇങ്ങോട്ട് തന്നെ തിരിച്ചുപോരേണ്ടിവരും. റിനൗണ്‍ഡ് ഡാന്‍സര്‍ അമ്മു സ്വാമിനാഥനായിട്ടല്ല, എന്റെ അടുക്കളക്കാരിയായിട്ട്, എന്റെ അടിച്ചുതളിക്കാരിയായിട്ട്. എന്താ വിരോധമുണ്ടോ അമ്മൂന്" എന്നായിരുന്നു മമ്മൂട്ടിയുടെ ഡയലോഗ്. 

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് 

ഞാന്‍ ഈ സിനിമ കണ്ടിട്ടില്ല. ഇനി കണ്ടിരുന്നേല്‍ തന്നെ ആ കാലത്ത് പ്രത്യേകിച്ച് ഒന്നും തോന്നുകയും ഇല്ലായിരുന്നിരിക്കണം. പക്ഷേ ഇപ്പൊ തോന്നുന്നുണ്ട്, എനിക്ക് മാത്രമല്ല ഇപ്പോള്‍ ഇത് കാണുന്ന എല്ലാവര്‍ക്കും ഇതിലെ അപാകത മനസ്സിലാകുന്നുണ്ട്. ഇന്നാണെങ്കില്‍ ഇത്തരമൊരു ഡയലോഗ് ഗ്ലോറിഫൈ ചെയ്ത് എഴുതാന്‍ ഒരു സ്‌ക്രിപ്റ്റ് റൈറ്ററും തയ്യാറാകുമെന്ന് തോന്നുന്നില്ല. ഇന്നായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന നടന്‍ ഇത് പറയാന്‍ തയാറാകുമെന്നും തോന്നുന്നില്ല. അപ്പൊ നമ്മള് മാറിയിട്ടുണ്ട്. എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമില്ലെന്നും ഇവിടൊന്നും മാറാന്‍ പോകുന്നില്ലെന്നും പറഞ്ഞവരോടാണ്...നമ്മള്‍ മാറുന്നുണ്ട്. ഇനിയും മാറും.