Asianet News MalayalamAsianet News Malayalam

പാടോം പുഴേം മരോം എവിടെയാണ്?, അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

അശ്വതി ശ്രീകാന്ത് എഴുതിയ വരികളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

Aswathy Sreekanth share her thought
Author
Kochi, First Published Jun 5, 2020, 5:07 PM IST

ലോക പരിസ്ഥിതി  ദിനമാണ് ഇന്ന്. താരങ്ങളും സാധാരണക്കാരുമൊക്കെ ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. വേറിട്ട ഒരു കുറിപ്പുമായിട്ടാണ് അവതാരക അശ്വതി ശ്രീകാന്ത് രംഗത്ത് എത്തിയത്. പുഴയെയും മരങ്ങളെയും കാണാൻ ഇല്ലെന്നാണ് അശ്വതി ശ്രീകാന്ത് മഴയുറുമ്പുകളുടെ രാജ്യം എന്ന പുസ്‍തകത്തില്‍ നിന്നുള്ള കവിതയില്‍ പറയുന്നത്.

അശ്വതി ശ്രീകാന്തിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

ഇന്നാളൊരു ദിവസം
ഉച്ചയ്‌ക്കൊന്നുറങ്ങാൻ തുടങ്ങുമ്പോ
കൊറ്റിമുണ്ടിയെ കണ്ടോന്ന് ചോദിച്ചൊരു
പാടമെന്റെ വീട്ടിക്കേറി വന്നു
ചെളിമണം കൊണ്ടെനിക്ക് ഓക്കാനം വന്നു
ദേ കൊറ്റി പോയ വഴിയെന്ന്
തെക്കോട്ട് ചൂണ്ടുന്പോഴേക്കും
വർക്കിച്ചേട്ടന്റെ തോക്ക് വിരലറ്റത്തിരുന്നു ‘ഠോ’ ന്നു പൊട്ടി
എങ്ങാണ്ടുന്നെല്ലാം ചിറകൊച്ച പൊങ്ങി
'ന്റെ ചിറകേ, ന്റെ വെളുപ്പേന്ന് പാടം നിന്ന് മോങ്ങി

അപ്പോഴുണ്ട്
കല്ലേൽമുട്ടിയെ കാണുന്നില്ലെന്ന്
പറഞ്ഞ് മുറ്റത്തേയ്ക്കൊരു പുഴ വരുന്നു
വരവ് കണ്ടപ്പഴേ
ഉളുമ്പു മണക്കുന്ന തോർത്തെടുത്ത് ഞാൻ
അടുക്കളപ്പുറത്ത് വിരിച്ചിട്ടു
വരാലാണേൽ അടുപ്പത്തുണ്ടെന്ന് മറുപടീം പറഞ്ഞു
പുഴയന്നേരം
വീട്ടിനകത്തോട്ട് കേറാൻ നോക്കി
പക്ഷെ, ഇറയത്തിരുന്ന ഒറ്റാല് കണ്ടപ്പോ
ഉള്ള മീനുകളേം പൊത്തിപ്പിടിച്ച് തിരിഞ്ഞിറങ്ങി
നിലവിളിച്ചോണ്ട് എന്റെ
നടക്കല്ലേൽ തല തല്ലി

പിള്ളേരെ ഏൽപ്പിച്ചു പോയ അണ്ണാനെ തിരക്കി
മരമൊരെണ്ണം വന്നു മുറ്റത്തു നിൽപ്പാണ്...
കണ്ടാൽ പറഞ്ഞേക്കാംന്ന് ഞാൻ കണ്ണിറുക്കി
എലിപ്പെട്ടീലെ അണ്ണാന്
പഴം കൊടുത്തപ്പോ
'ന്റെ മക്കളേ'ന്നാവും കരഞ്ഞതോർത്ത്
എനിക്കന്നേരം ചിരിയും വന്നു

എല്ലാത്തിനേം ആട്ടിയിറക്കി വാതിലടച്ചിട്ടാണ്
ഉച്ചയ്‌ക്കൊന്നുറങ്ങിയത് !

അന്ന് ചോദിയ്ക്കാൻ വന്ന പാടോം പുഴേം മരോം
ഇപ്പൊ എവിടന്നറിയാവോ നിങ്ങക്ക് ?
ആഹ്...എനിക്കും അറിയത്തില്ല
നശിച്ചു പോട്ടെ...

അല്ല പിന്നെ
നമ്മള് മനുഷ്യന്മാർക്കിവിടെ ജീവിക്കണ്ടേ ?!

-മഴയുറുമ്പുകളുടെ രാജ്യം
അശ്വതി ശ്രീകാന്ത്

Follow Us:
Download App:
  • android
  • ios