പാരന്റിംഗിനെ കുറിച്ച് വീഡിയോയുമായി നടി അശ്വതി ശ്രീകാന്ത്.

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. നാളുകളായി അവതാരകയുടെ വേഷത്തില്‍ സ്‌ക്രീനിലേക്ക് എത്തിയശേഷം, നടിയായി അശ്വതി എത്തിയപ്പോഴും നിറഞ്ഞ ഹൃദയത്തോടെയുള്ള കയ്യടികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തന്റെ ആദ്യ അഭിനയ സംരംഭത്തിന് തന്നെ മികച്ച നടിക്കുള്ള ടെലിവിഷന്‍ പുരസ്‌കാരവും താരത്തെ തേടിയെത്തി. എന്നാല്‍ തന്റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി പരമ്പരയില്‍ നിന്നും മാറുകയായിരുന്നു. തന്റെ വിശേഷങ്ങള്‍ പങ്കുവച്ചും, സാമൂഹിക കാര്യങ്ങളിലെ തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലും മറ്റും സജീവമാണ് അശ്വതി.

യൂട്യൂബ് ചാനലിലൂടെ നിരന്തരമായി സംവദിക്കാറുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അശ്വതി. രണ്ടാമതൊരു കുട്ടിക്കായി കാത്തിരിക്കുന്ന വിവരം അശ്വതി പങ്കുവച്ചത് മുതല്‍ സ്വന്തം വീട്ടിലെ കാര്യമെന്നപോലെ അശ്വതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു ആരാധകര്‍. പ്രസവാനന്തരമുള്ള വിശേഷങ്ങള്‍ തിരക്കിയും, അശ്വതിയുടെ സുഖവിവരങ്ങള്‍ തിരക്കിയും ആരാധകര്‍ ഇപ്പോഴും കൂടെയുണ്ട്. തന്റെ പ്രസാവാനന്തര വിഷാദത്തെ കുറിച്ച് അശ്വതി പറഞ്ഞത്, വലിയൊരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും. അശ്വതിയോടൊപ്പംതന്നെ പലരും തങ്ങളുടെ കാര്യങ്ങളും തുറന്ന് പറയുകയും ചെയ്തിരുന്നു. അതിനുശേഷം പാരന്റിംഗുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ അശ്വതി യൂട്യൂബില്‍ പോസ്റ്റ് ചെയ്തതും ആരാധകര്‍ കയ്യടികളോടെ സ്വീകരിച്ചിരുന്നു.

'മാതാപിതാക്കളുടെ ഇടയിലെ വലിയൊരു തെറ്റ് തിരിച്ചറിയുന്നു, പദ്മയുടെ കൂടെ ഒരു ദിവസം' എന്ന ടൈറ്റിലോടെ അശ്വതി പങ്കുവച്ച വീഡിയോ പാരന്റിംഗിലെ കൂട്ടുത്തരവാദിത്തത്തെ പറയുന്നതും, മക്കളെ സ്‌നേഹിക്കുന്നു എന്ന് പറയുന്ന മാതാപിതാക്കള്‍ അത് ശരിക്കും ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കാന്‍ ഉതകുന്നതുമാണ്. മക്കളുടെ കൂടെ സമയം ചിലവഴിക്കുന്നുണ്ടോ എന്നതിലല്ല കാര്യമെന്നും, ചിലവഴിക്കുന്നു എന്ന് പറയുന്ന സമയം നമ്മള്‍ ശരിക്കും അവരുടെ കൂടെ ഉണ്ടാകാറുണ്ടോ എന്നാണ് അശ്വതി ചോദിക്കുന്നത്. പലപ്പോഴും തന്റെ കാര്യത്തിലും അങ്ങനെയാണ് സംഭവിക്കാറുള്ളതെന്നും അശ്വതി പറയുന്നു. 'പദ്മയുടെ കൂടെ സമയം ചിലവഴിക്കുമ്പോള്‍ അവള്‍ പലപ്പോഴും ചോദിക്കുന്നത് അമ്മ ആ ഫോണ്‍ ഒന്ന് മാറ്റി വയ്ക്കാമോ എന്നാണ്. പിന്നെ ഞാന്‍ ചിന്തിച്ചപ്പോഴാണ് മനസ്സിലായത്, അവരുടെ കൂടെ എന്ന് പറയുമെങ്കിലും ഞാന്‍ പലപ്പോഴും അവളുടെ കൂടെയായിരിക്കില്ല. ഫിസിക്കലി മാത്രമല്ല അവര്‍ക്ക് നമ്മളെ വേണ്ടത്. മെന്റലി നമ്മള്‍ അവിടെ ആയിരിക്കുക എന്നതാണ് പ്രധാനം' അശ്വതി പറഞ്ഞു.

ചെറിയ കുഞ്ഞിനെ (കമല) ഭര്‍ത്താവിനൊപ്പം ആക്കിയാണ് അശ്വതി കാറില്‍ മൂത്ത മകളൊന്നിച്ചുള്ള ഔട്ടിംഗിന് പോകുന്നത്. പലരും എന്താണ് തങ്ങളുടെ തെറ്റെന്ന് അറിയാനുള്ള വ്യഗ്രതയോടെയാണ് വീഡിയോ കണ്ടതും. ആളുകള്‍ അങ്ങനെയാണ് കണ്ടതെന്ന് പറയാന്‍ കഴിയുന്നത്, വീഡിയോയ്ക്ക് വന്ന കമന്റുകള്‍ ശ്രദ്ധിക്കുമ്പോഴാണ്. ഈ കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല, അല്ലെങ്കില്‍ കാര്യമായി എടുത്തില്ല എന്നെല്ലാമാണ് മിക്കവരും കമന്റായി പറയുന്നത്.

Read More : സുപ്രിയയ്‍ക്ക് ജന്മദിന ആശംസകളുമായി പൃഥ്വിരാജ്, പ്രിയതമയ്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചും താരം