മലയാള സിനിമയിൽ നിന്ന് സ്വയം തീരുമാനിച്ചാണ് ഇടവേളയെടുത്തതെന്നും ആ സമയത്ത് കന്നഡയിൽ കൂടുതൽ സുരക്ഷിതത്വം തോന്നിയെന്നും ഭാവന.
മലയാള സിനിമയിൽ നിന്ന് ഇടവേള എടുക്കണമെന്ന് പെട്ടെന്ന് തോന്നിയെന്നും, കന്നഡയിലാണ് താൻ സേഫ് എന്ന തോന്നൽ വന്നുവെന്നും ഭാവന. ഇടവേള എന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും മമ്മൂട്ടി, ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ എന്നിവരുടെ സിനിമകൾ വന്നിട്ട് വരെ അഭിനയിക്കാൻ തയ്യാറായിരുന്നില്ലെന്നും ഭാവന കൂട്ടിച്ചേർത്തു.
"മലയാള സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന് എനിക്ക് പെട്ടെന്ന് തോന്നി. കുറഞ്ഞപക്ഷം, ഞാന്‍ മലയാളത്തില്‍ അഭിനയിക്കുന്നതേയില്ലല്ലോ, അവിടെയുള്ള കാര്യങ്ങള്‍ എനിക്ക് അറിയേണ്ടതില്ലല്ലോ എന്ന ചിന്തയായിരുന്നു. ആ ഇടവേള എന്റെ മാത്രം തീരുമാനമായിരുന്നു. അപ്പോഴും മലയാള സിനിമയിലുള്ള എന്റെ സുഹൃത്തുക്കൾ എന്നെ വിളിക്കുകയും സിനിമകൾ ചെയ്യണമെന്ന് പറയുകയും ചെയ്തിരുന്നു. ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ, ഒരു മമ്മൂക്ക സിനിമയോട് വരെ ഞാൻ നോ പറഞ്ഞു. എന്തിന് നോ പറഞ്ഞു എന്ന് ചോദിച്ചാല്‍, സത്യം പറഞ്ഞാല്‍ എനിക്ക് മറുപടിയില്ല." ഭാവന പറയുന്നു.
"ആ സമയത്ത് ആ തീരുമാനത്തില്‍ ഞാന്‍ ഓക്കേ ആയിരുന്നു. കന്നടയിലാണ് സേഫ് എന്ന തോന്നല്‍ എനിക്ക് വന്നു. മലയാളം സിനിമ വീണ്ടും ചെയ്യുന്നതിനെ കുറിച്ച് എനിക്കൊരു പ്ലാനേ ഉണ്ടായിരുന്നില്ല. കന്നട സിനിമയില്‍ ഞാന്‍ തൃപ്തയായിരുന്നു, വര്‍ക്കിന് പോകുന്നു, തിരിച്ച് വീട്ടിലെത്തുന്നു, ഇഷ്ടമുള്ളത് കാണുന്നു എന്ന കംഫര്‍ട്ട് സോണിലായിരുന്നു ഞാന്‍." ഭാവന കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാവനയുടെ പ്രതികരണം.
അതേസമയം ഭാവന നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'അനോമി' റിലീസിനൊരുങ്ങുകയാണ്. ഭാവനയുടെ കരിയറിലെ തൊണ്ണൂറാമത് ചിത്രമാണ് അനോമി. റഹ്‌മാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൻറെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സൈക്കോ കില്ലർ നടത്തുന്ന കൊലപാതകങ്ങളും അത് പിന്തുടരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെയും കഥപറയുന്ന ചിത്രം സാങ്കേതികമായി ഏറെ മികച്ചു നിൽക്കുന്ന ഒന്നാണെന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.



