'വണങ്കാനി'ല്‍ നിന്ന് സൂര്യ പിൻമാറിയിരുന്നു.

ആരാധകര്‍ ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു ബാലയുടെ സംവിധാനത്തില്‍ സൂര്യ അഭിനയിക്കുന്നുവെന്നത്. 'വണങ്കാൻ' എന്ന ചിത്രത്തില്‍ നിന്ന് സൂര്യ പിൻമാറിയെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നത് ആരാധകരെ നിരാശയിലുമാക്കി. സൂര്യയുടെ പകരക്കാൻ ആരായിരിക്കും ചിത്രത്തില്‍ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. തമിഴകത്തിലെ ഒരു യുവ താരം ചിത്രത്തില്‍ നായകനായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഥര്‍വയായിരിക്കും ബാലയുടെ 'വണങ്കാൻ' എന്ന ചിത്രത്തില്‍ നായകനാകുക എന്നാണ് സാമൂഹ്യമാധ്യമത്തിലെ പ്രചാരണങ്ങള്‍. നേരത്തെ 2013ല്‍ 'പരദേശി' എന്ന ചിത്രത്തില്‍ ബാലയ്‍ക്കൊപ്പം അഥര്‍വ ജോലി ചെയ്‍തിട്ടുണ്ട്. 'വണങ്കാന്റെ' കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. എന്തായാലും സൂര്യ പിൻമാറിയെങ്കിലും ബാല ചിത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കുകയാണ്.

'വണങ്കാനി'ല്‍ നിന്ന് സൂര്യ പിൻമാറിയ കാര്യം ബാല തന്നെയാണ് അറിയിച്ചത്. കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് അത് ചേരുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നിലും കഥയിലും സൂര്യക്ക് ഇപ്പോഴും പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ എന്നെ ഇത്രയധികം സ്‍നേഹിക്കുന്ന അനുജന് ഞാൻ കാരണം ഒരു മോശവും ഉണ്ടാകരുത് എന്നത് സഹോദരനായ എന്റെ കടമയാണ്. 'വണങ്കാൻ' എന്ന സിനിമയില്‍ നിന്ന് സൂര്യ പിൻമാറാൻ ഞങ്ങള്‍ രണ്ടുപേരും ചര്‍ച്ച ചെയ്‍ത് ഏകകണ്ഠമായി തീരുമാനിച്ചു. വല്ലാത്ത സങ്കടമുണ്ടെങ്കിലും എന്റെ താല്‍പര്യം മുൻനിര്‍ത്തിയുള്ള തീരുമാനം തന്നെയാണ് അത് എന്നും ബാല പറയുന്നു. ബോളിവുഡ് താരം കൃതി ഷെട്ടിയെ ആയിരുന്നു ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരുന്നത്.

'പിതാമഹൻ' എന്ന ചിത്രത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്നുവെന്നതിനാല്‍ 'വണങ്കാൻ' വൻ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സ് തന്നെയായിരുന്നു ചിത്രം നിര്‍മിക്കാൻ തീരുമാനിച്ചിരുന്നത്. 'സൂര്യ 41' എന്ന താല്‍ക്കാലിക പേരിലായിരുന്നു ചിത്രം ആദ്യം അറിയിപെട്ടിരുന്നത്.

Read More: റിലീസ് പ്രഖ്യാപിച്ച് 'അറിയിപ്പി'ന്റെ ട്രെയിലര്‍