തന്റെ ചിത്രങ്ങൾ ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണെന്നും മറ്റുള്ളവയുടെ കോപ്പിയല്ലെന്നും സംവിധായകൻ അറ്റ്ലി പറഞ്ഞു.
ചെന്നൈ: ജവാന്‍ എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷം പാന്‍ ഇന്ത്യന്‍ സംവിധായകനായി മാറിയ ആളാണ് അറ്റ്ലി. ഇപ്പോള്‍ തന്‍റെ ചലച്ചിത്രങ്ങള്‍ 'കോപ്പി' ചെയ്തവയാണെന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ സംവിധായകന്‍. അല്ലു അർജുൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന തന്റെ അടുത്ത ചിത്രത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
"എന്‍റെ ചിത്രങ്ങൾ എന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്, മറ്റുള്ളവയുടെ കോപ്പിയല്ല," അറ്റ്ലി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞു. "എന്‍റെ ബിഗിൽ എന്ന ചിത്രത്തിലെ റായപ്പൻ എന്ന കഥാപാത്രം എന്‍റെ ജീവിതത്തിലെ ഒരു വ്യക്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. എന്‍റെ അടുത്ത ചിത്രം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടും," അദ്ദേഹം ആത്മവിശ്വാസത്തോടെ വ്യക്തമാക്കി.
അല്ലു അർജുൻ-അട്ലീ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം, #AA22xA6 എന്ന താൽക്കാലിക പേര് നൽകിയിരിക്കുന്ന ഈ പ്രോജക്ട് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ദീപിക പദുക്കോൺ ആദ്യമായി അല്ലു അർജുനോടൊപ്പം അഭിനയിക്കുന്ന ഈ ചിത്രം വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഒരു പാരലല്‍ വേള്‍ഡ് ത്രില്ലറായിരിക്കും സൂചന.
എന്നാൽ ഈ പ്രോജക്ട് പ്രഖ്യാപിച്ച ഉടനെ, ചിലർ ഇതിനെ മറ്റൊരു ചിത്രത്തിന്റെ 'കോപ്പി' ആണെന്ന് ആരോപിച്ചിരുന്നു. ഈ വിമർശനങ്ങൾക്ക് അറ്റ്ലി തന്റെ പ്രതികരണത്തിലൂടെ വ്യക്തമായ മറുപടി നൽകി.
"എന്‍റെ നിർമ്മാതാവിനൊപ്പം ഞാൻ ഇവിടെ നിൽക്കുമ്പോൾ, ഈ ചിത്രം ലോകമെമ്പാടും ഇന്ത്യൻ സിനിമയുടെ ശക്തി കാണിച്ചുകൊടുക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു" അറ്റ്ലി പറഞ്ഞു.
തന്‍റെ ചിത്രങ്ങൾ യഥാർത്ഥ സൃഷ്ടികളാണെന്നും, അവയിൽ തന്‍റെ ജീവിതാനുഭവങ്ങൾ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അറ്റ്ലിയുടെ മുൻ ചിത്രങ്ങളായ 'തെരി', 'മെർസൽ', 'ബിഗിൽ', 'ജവാൻ' എന്നിവ വൻ വിജയങ്ങൾ നേടിയവയാണ്. എന്നാൽ, ഈ ചിത്രങ്ങൾ മറ്റ് ഹോളിവുഡ് അല്ലെങ്കിൽ മറ്റ് ഇന്ത്യൻ ചിത്രങ്ങളിൽ നിന്ന് 'പ്രചോദനം' ഉൾക്കൊണ്ടവയാണെന്ന ആരോപണങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ വിമർശനങ്ങൾക്കെതിരെ അറ്റ്ലി മറുപടി നല്‍കുന്നത്.
അല്ലു അർജുൻ-ദീപിക പദുക്കോൺ ചിത്രം 2026ൽ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുംബൈയില്‍ ആരംഭിച്ചിരുന്നു. ചിത്രം 700 കോടിയോളം ബജറ്റില്‍ സണ്‍ പിക്ചേര്‍സാണ് നിര്‍മ്മിക്കുന്നത്.


