"ബോക്സോഫീസിന് ജൻഡർ ഇല്ല. ഓഡിയൻസ് വഴി മാത്രമേ എനിക്കിവിടെ ഒരു സ്ഥാനം ഉണ്ടാവുകയുള്ളൂ"
'മഞ്ചാടിക്കുരു' എന്ന ഫീച്ചർ സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് അഞ്ജലി മേനോൻ. 2008 -ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആ വർഷത്തെ കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രെസ്കി പുരസ്കാരം സ്വന്തമാക്കിയിരുന്നു. പിന്നീട് 'ബാംഗ്ലൂർ ഡേയ്സ്', 'കൂടെ' തുടങ്ങീ മികച്ച സിനിമകൾ അഞ്ജലി മേനോൻ മലയാളത്തിന് സമ്മാനിക്കുകയുണ്ടായി. 'ഉസതാദ് ഹോട്ടലി'ലൂടെ മികച്ച സംഭാഷണത്തിനുള്ള ദേശീയ അവാർഡും അഞ്ജലി മേനോൻ സ്വന്തമാക്കിയിരുന്നു. എന്നാൽ 2022 ൽ ഒടിടി റീലിസായി പുറത്തിറങ്ങിയ 'വണ്ടർ വുമൺ' എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സ്ത്രീപക്ഷ സിനിമകളെ കുറിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അഞ്ജലി മേനോൻ. പ്രേക്ഷകർക്ക് ഒരു സിനിമ ഇഷ്ടമായാൽ മാത്രമേ ഒരു സിനിമ ഹിറ്റ് ആവുകയുള്ളൂ എന്നാണ് അഞ്ജലി മേനോൻ പറയുന്നത്.
"സംവിധാനം ചെയ്യുന്നത് സ്ത്രീയാണോ എന്ന് നോക്കിയിട്ട് ആരും പോയി സിനിമ കാണുന്നില്ല, അവർ ആ പ്രൊഡക്ടിനെയാണ് ജഡ്ജ് ചെയ്യുന്നത്. അങ്ങനെയാണ് ബോക്സ്ഓഫീസിൽ ഒരു പടം ഹിറ്റാവുന്നത്, അവർക്ക് ആ സിനിമ ഇഷ്ടമാവുകയാണെങ്കിൽ അത് ഹിറ്റ് ആവും. അതൊരു ജൻഡർ ന്യൂട്രൽ ആയിട്ടുള്ളൊരു ഇടമാണ്." അഞ്ജലി മേനോൻ പറയുന്നു.
ബോക്സ്ഓഫീസ് നമ്പറുകളിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയല്ല താനെന്നും താനൊരു ഫിലിം മേക്കറാണെന്നും അഞ്ജലി മേനോൻ വ്യക്തമാക്കുന്നു. "നമ്മൾ ഒരു സിനിമയെടുക്കുമ്പോൾ അത് വിജയിക്കണമെന്നും ആളുകളിലേക്ക് എത്തണമെന്നും വിചാരിച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. ഞാൻ മുൻപ് സിനിമ എടുത്തിട്ട് വാണിജ്യപരമായി വിജയിക്കാത്തവയുണ്ട്. അപ്പോഴും സ്ത്രീ സംവിധായികയൊക്കെ തന്നെയായിരുന്നു. ഞാനൊരു ഫിലിം മേക്കറാണ്, ചിലപ്പോൾ ചില സിനിമകൾ സ്വീകരിക്കപ്പെടാം, ചിലപ്പോൾ നേരെ തിരിച്ചും. അത്രയേ പറയാൻ പറ്റുകയുള്ളൂ.
എന്റെ ജൻഡർ സ്ത്രീ ആയതുകൊണ്ട് ഞാൻ സംവിധാനത്തിൽ ആരുമായും മത്സരിക്കുന്നില്ല, ജൻഡർ ന്യൂട്രൽ ആയ ഒരിടത്ത് സിനിമ ചെയ്യാൻ ഞാൻ ശ്രമിക്കുമ്പോൾ നിങ്ങൾ വീണ്ടും വീണ്ടും സ്ത്രീ സംവിധായിക എന്ന രീതിയിലേക്ക് ശ്രദ്ധ തിരിക്കാൻ നോക്കുകയാണ്. അടുത്തുള്ള തിയേറ്ററിലെ പടം കാണേണ്ട എന്ന് കരുതിയാവുമല്ലോ അവർ എന്റെ സിനിമ വന്ന്കാണുന്നത്. അപ്പോൾ അതൊരു മെയിൽ ഡയറക്ടർ എടുത്ത പടം ആവാനല്ലേ സാധ്യത? ആ മത്സരത്തിൽ ജൻഡർ ഇല്ല. ബോക്സോഫീസിന് ജൻഡർ ഇല്ല. ഓഡിയൻസ് വഴി മാത്രമേ എനിക്കിവിടെ ഒരു സ്ഥാനം ഉണ്ടാവുകയുള്ളൂ. ഓഡിയൻസ് നമ്മളെ ഓർക്കണമെങ്കിൽ നമ്മുടെ സിനിമ കണ്ടിട്ട് അവർക്ക് ഇഷ്ടമാവണം. നിങ്ങൾ എന്ത് ജൻഡർ ആയാലും അവർക്ക് പ്രശ്നമില്ല. ഓഡിയൻസിലൂടെ മാത്രമേ ഇൻഡസ്ട്രിയെ നോക്കികാണാൻ കഴിയൂ." അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.

