സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് ആറ് മാസമായി റിലീസ് മുടങ്ങിയ വിജയ് ചിത്രം 'ജനനായകന്‍' ഒടുവില്‍ തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു

തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചര്‍ച്ചയായിരുന്നു ജനനായകന്‍. പൊങ്കല്‍ റിലീസ് ആയി ജനുവരി 9 ന് എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രശ്നങ്ങളെത്തുടര്‍ന്ന് മുടങ്ങുകയായിരുന്നു. ആറ് മാസങ്ങള്‍ക്കിപ്പുറവും ചിത്രം തിയറ്ററുകളില്‍ എത്തിയിട്ടുമില്ല. അതിനിടെ തമിഴ്നാട് തിരഞ്ഞെടുപ്പ് വരികയും വിജയ് മുഖ്യമന്ത്രി ആവുകയുമൊക്കെ ചെയ്തു. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഏതായാലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ എത്തുമെന്നാണ് വിവരം. ജൂലൈ 24 എന്ന ഡേറ്റ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളിലൊക്കെ കടന്നുവരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകളോടെയാണ് ഇവിടെ ചിത്രം റിലീസ് ചെയ്യുക. ഒന്നും രണ്ടുമല്ല, സിബിഎഫ്സി നിര്‍ദേശിച്ച 12 മാറ്റങ്ങളോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിശ്ചയിച്ചിരിക്കുന്നത്, അതേസമയം മറ്റൊരു രാജ്യത്ത് ഒരു കട്ട് പോലുമില്ലാതെ ചിത്രം കാണാനുമാവും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ഇക്കാര്യം ഉറപ്പ് നല്‍കിയിരിക്കുന്നത്. ചിത്രം ജൂലൈ 24 ന് തിയറ്ററുകളില്‍ എത്തുമെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 15 എന്ന റേറ്റിം​ഗ് ആണ് യുകെയില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് പ്രകാരം അണിയറക്കാര്‍ നടത്തിയ മാറ്റങ്ങളില്‍ 20 സെക്കന്‍റ് രം​ഗങ്ങള്‍ നീക്കിയിട്ടുണ്ട്. 10 സെക്കന്‍റ് ദൃശ്യങ്ങള്‍ക്ക് പകരം മറ്റ് ദൃശ്യങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇവയ്ക്കെല്ലാമൊടുവില്‍ ചിത്രത്തിന്‍റെ ആകെ ദൈര്‍ഘ്യം 183 മിനിറ്റും 11 സെക്കന്‍റുമാണ്.

കന്നഡ സിനിമയിലെ വമ്പന്‍ ബാനര്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജയിനൊപ്പം മമിത ബൈജു, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോള്‍, ​ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി, നരെയ്ന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം സത്യന്‍ സൂര്യന്‍ ആണ്. എഡിറ്റിം​ഗ് പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ വി സെല്‍വകുമാര്‍. ചിത്രത്തിന്‍റെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് ആരാധകര്‍ കരുതുന്നത്. വിജയ് മുഖ്യമന്ത്രി ആയ ശേഷം എത്തുന്ന അദ്ദേഹത്തിന്‍റെ റിലീസ് എന്നതും കൗതുകകരമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming