ദീപക്കിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും സർക്കീട്ടിലെ ബാലു എന്നാണ് സിനിമ കണ്ടവർ പറയുന്നത്.
ഗൾഫ് രാജ്യത്തെ പശ്ചാത്തലമാക്കി താമർ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം സർക്കീട്ടിലൂടെ മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് ദീപക് പറമ്പോൽ. ബാലു എന്ന കഥാപാത്രമായിട്ടാണ് ദീപക് പറമ്പോൽ എത്തുന്നത്. സന്ദർശക വിസയ്ക്ക് യുഎഇയിലെത്തുന്ന ആസിഫ് അലിയുടെ അമീർ എന്ന നായക കഥാപാത്രത്തിന്റെ ജീവിതം പറയുന്നതിനോടൊപ്പം തന്നെ സമാന്തരമായാണ് ദീപക് പറമ്പോൽ അവതരിപ്പിക്കുന്ന ബാലുവിന്റെയും ദിവ്യപ്രഭയുടെ സ്റ്റെഫിയുടെയും അവരുടെ മകൻ, ബാലതാരം ഒർഹാൻ വേഷമിട്ട ജെഫ്റോൺ എന്ന ജെപ്പുവിന്റെയും കഥ പറയുന്നത്.
പ്രണയ വിവാഹത്തെത്തുടർന്ന് കുടുംബങ്ങളിൽ നിന്ന് അകന്ന് പ്രവാസ ജീവിതം തിരഞ്ഞെടുത്ത ബാലു - സ്റ്റെഫി ദമ്പതികളുടെ മകനെച്ചൊല്ലിയുള്ള പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ കരിയര്‍ ആരംഭിച്ച ദീപക് തുടർന്ന് ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാന്‍ സാധിച്ച നടനാണ്. അടുത്തിടെയിറങ്ങിയ പൊന്‍മാന്‍, സൂക്ഷ്മ ദര്‍ശിനി, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളിലൂടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ദീപക്കിന്റെ അവസാനമായി ഇറങ്ങിയ ചിത്രം കൂടിയാണ് സർക്കീട്ട്.
എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന മകനെ കുറിച്ചോർത്തുള്ള മാനസിക സമ്മർദ്ദങ്ങളിൽ പെട്ട് കുടുംബ ജീവിതം തന്നെ പ്രശ്നത്തിലെത്തി ചേർന്ന ദമ്പതികളുടെ കഥ പറയുന്ന സിനിമയിൽ ജെപ്പുവിന്റെ അച്ഛനായ ബാലുവായി ദീപക് പറമ്പോൽ അഭിനയം കൊണ്ട് മുന്നിട്ട് നിൽക്കുകയാണ്. ദീപക്കിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും സർക്കീട്ടിലെ ബാലു എന്നാണ് സിനിമ കണ്ടവർ പറയുന്നത്.
ബാലതാരമായ ഓർഹാൻ, ദിവ്യ പ്രഭ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപൻ അടാട്ട്, സിൻസ് ഷാൻ, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്ബികെ ഷുഹൈബ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


