ഏപ്രില്‍ 25ന് ആയിരുന്നു തുടരും തിയറ്ററിലെത്തിയത്. 

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരും 200 കോടി ക്ലബ്ബിൽ. മോഹൻലാൽ ആണ് ഔദ്യോ​ഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എമ്പുരാന്‍ ആയിരുന്നു നേരത്തെ 200 കോടി തൊട്ട മോഹന്‍ലാല്‍ പടം. 

 "ചില യാത്രകൾക്ക് ആരവങ്ങളല്ല വേണ്ടത്, മുന്നോട്ട് കൊണ്ടുപോകാനുള്ള മനസ് മാത്രം. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ തുടരും അതിൻ്റെ സ്ഥാനം കണ്ടെത്തി. എല്ലാ സ്നേഹത്തിനും നന്ദി", എന്നാണ് 200 കോടി സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. 

പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു തുടരും. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ സൗദി വെള്ളയ്ക്ക എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നതായിരുന്നു അതിനൊരു കാരണം. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ എത്തിയതും പ്രധാനഘടകമായി. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഏപ്രിൽ 25ന് ചിത്രം തിയറ്ററിൽ എത്തിയതും ആരാധകർ ഒന്നടങ്കം പറഞ്ഞു 'ഞങ്ങളുടെ പഴയ ലാലേട്ടൻ തിരിച്ചെത്തി'. 

ആദ്യദിനം ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം നേടിയ സിനിമ പിന്നീട് പ്രേക്ഷകര്‍ ഏറ്റെടുത്തു. മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ സിനിമ ആദ്യദിനം ഇന്ത്യ നെറ്റായി നേടിയത് 5.25 കോടി രൂപ ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വേട്ട തുടര്‍ന്ന സിനിമ പത്ത് ദിവസത്തില്‍ 100 കോടി ക്ലബ്ബിലും ഇടം നേടി. 90.35 കോടിയാണ് തുടരുമിന്‍റെ ഇതുവരെയുള്ള കേരള കളക്ഷന്‍. കെ.ആർ. സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. 

മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..