രാജ്യത്ത് ഒരുകാലത്ത് ഒട്ടേറെ ആരാധകരുണ്ടായിരുന്ന നടിയായിരുന്നു സില്‍ക് സ്‍മിത. സ്വയം ജീവനൊടുക്കുകയായിരുന്നു സില്‍ക്ക് സ്‍മിത. ഏവരും ഞെട്ടലോടെയായിരുന്നു സില്‍ക്ക് സ്‍മിതയുടെ മരണവാര്‍ത്ത കേട്ടത്. ഇപ്പോഴും മരണകാരണം ഒരു രഹസ്യമായി അവശേഷിക്കുന്നു. സില്‍ക്ക് സ്‍മിതയുടെ മരണം വിവാദമായി മാറിയിരുന്നു. സില്‍ക്ക് സ്‍മിതയുടെ ജീവിത കഥ പറയുന്ന ഒരു തമിഴ്‍ സിനിമ വരുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

കെ എസ് മണികണ്ഠൻ ആണ് ചിത്രം സംവിധാനംം ചെയ്യുന്നത്. അവള്‍ അപ്പടിതാൻ എന്നാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്. സില്‍ക്ക് സ്‍മിതയുടെ ജീവിതം തന്നെയാകും പ്രധാന കഥ. നേരത്തെ സില്‍ക്ക് സ്‍മിതയുടെ ജീവിത കഥ പ്രചോദനമായി എടുത്ത് വിദ്യാ ബാലൻ നായികയായി ഡേര്‍ട്ടി പിക്ചര്‍ എന്ന ഹിന്ദി സിനിമ ശ്രദ്ധ നേടിയിരുന്നു.  സിനിമയിലെ അഭിനേതാക്കളെയും മറ്റുള്ളവരെയും ഉടൻ പ്രഖ്യാപിക്കുമെന്ന് കെ എസ് മണികണ്ഠൻ പറയുന്നു.  കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ചിത്രീകരണം.

സില്‍ക്ക് സ്‍മിത സമാനതകളില്ലാത്ത ഒരു വ്യക്തിയാണ്. അവരുടെ കഥാപാത്രത്തോട് നീതിപുലര്‍ത്താൻ കഴിയുന്ന നടിയെയാണ് തേടുന്നത് എന്ന് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നു.

സില്‍ക്ക് സ്‍മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകളും മരണവുമെല്ലാം പ്രതിപാദിക്കുന്ന ചിത്രമായിരിക്കും അവള്‍ അപ്പടിതാൻ. 450ല്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയാണ് സില്‍ക്ക് സ്‍മിത എന്നതിനാല്‍ വലിയ സംഭവങ്ങള്‍ നിറഞ്ഞതാണ് അവരുടെ ജീവിതം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നു സില്‍ക്ക് സ്‍മിത.  നര്‍ത്തകിയായാണ് സില്‍ക്ക് സ്‍മിത സിനിമയില്‍ എത്തുന്നത്.

സില്‍ക്ക് സ്‍മിത മരിക്കുന്നത് 1996 സെപ്‍തംബര്‍ 23ന് ആണ്.

സില്‍ക്ക് സ്‍മിതയുടെ മരണകാര്യം എന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.