മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാനഭാഗം ആരാധകര്‍ ഏറെനാളായി കാത്തിരിക്കുന്ന ഒന്നാണ്. മാര്‍വെല്‍ ആരാധകര്‍ കേരളത്തില്‍ എത്രത്തോളമുണ്ടെന്ന് കഴിഞ്ഞ വര്‍ഷം 'അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍' റിലീസിംഗ് സമയത്ത് ബോധ്യപ്പെട്ടതാണ്. തീയേറ്ററിലെത്തി ആദ്യ വാരത്തില്‍ പല മലയാള ചിത്രങ്ങള്‍ക്കും ലഭിക്കാത്ത തരത്തിലുള്ള ജനത്തിരക്കായിരുന്നു തീയേറ്ററുകളില്‍. ഇപ്പോഴിതാ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാന ചിത്രം 'അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം' മുന്‍ ചിത്രങ്ങളുടെയൊക്കെ ആവേശത്തെ മറികടക്കുകയാണ്. കേരളത്തിലെ പ്രീ-റിലീസ് ടിക്കറ്റ് റിസര്‍വേഷനില്‍ത്തന്നെ ഇത് പ്രകടമാണ്. റിലീസിന് കഷ്ടിച്ച് നാല് ദിവസം ശേഷിക്കെ പ്രധാന കേന്ദ്രങ്ങളിലൊക്കെ മിക്കവാറും ഷോകള്‍ ഇതിനകം ഹൗസ്ഫുള്‍ ആയിക്കഴിഞ്ഞു.

മാര്‍വെല്‍ ഫാന്‍സ് ഏറെയുള്ള തിരുവനന്തപുരത്ത്, നഗരപ്രദേശത്ത് മാത്രം 53 പ്രദര്‍ശനങ്ങളാണ് റിലീസ് ദിവസം എന്‍ഡ് ഗെയിമിന്. ദിവസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ അഡ്വാന്‍സ് റിസര്‍വേഷന്‍ അഭൂതപൂര്‍വ്വമായ പ്രതികരണമാണ് സൃഷ്ടിച്ചത്. 53 പ്രദര്‍ശനങ്ങളില്‍ 22 പ്രദര്‍ശനങ്ങള്‍ ഇതിനകം തന്നെ ഹൗസ്ഫുള്‍ ആയിക്കഴിഞ്ഞു. ബുക്ക് മൈ ഷോയില്‍ മറ്റ് 22 പ്രദര്‍ശനങ്ങള്‍ 'ആള്‍മോസ്റ്റ് ഫുള്‍' സ്റ്റാറ്റസിലുമാണ് ഉള്ളത്. റിലീസ്ദിനത്തിലെ ആദ്യപ്രദര്‍ശനങ്ങള്‍ക്ക് ശേഷം വരുന്ന മൗത്ത് പബ്ലിസിറ്റിയെ ആശ്രയിച്ചായിരിക്കും വാരാന്ത്യത്തിലെയും തുടര്‍ന്നുമുള്ള കളക്ഷന്‍. ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം നഗര പ്രദേശങ്ങളിലെങ്കിലും നിലവില്‍ ഓടുന്ന മലയാള സിനിമകളുടെ കളക്ഷനെ ഇത് സ്വാധീനിക്കും. 

ബോക്‌സ്ഓഫീസിലെ രണ്ട് ബില്യണ്‍ ക്ലബ്ബില്‍ ഇടംപിടിച്ച 'ഇന്‍ഫിനിറ്റി വാര്‍' മുടക്കുമുതലിന്റെ അഞ്ചിരട്ടി ലാഭം നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത സിനിമയാണ്. അവഞ്ചേഴ്‌സിന്റെ റെക്കോര്‍ഡുകള്‍ എന്‍ഡ്‌ഗെയിം തകര്‍ക്കുമോ എന്നാണ് ഹോളിവുഡ് വ്യവസായം ഉറ്റുനോക്കുന്നത്.