ഹോളിവുഡ്: ലോക സിനിമ ചരിത്രത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡ് ഇനി അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമിന്. ആഗോള ബോക്സ് ഓഫീസില്‍ അവഞ്ചേര്‍സ് എന്‍ഡ് ഗെയിം ഈ വാരാന്ത്യത്തിലെ കളക്ഷനും കൂട്ടുമ്പോള്‍ അവതാറിന്‍റെ 2.7897 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ എന്ന കളക്ഷന്‍ റെക്കോഡ‍് മറികടന്നു. കഴിഞ്ഞ വാരം അവഞ്ചേര്‍സ് എന്‍ഡ് ഗെയിം കളക്ഷന്‍ 2.7892 ബില്ല്യണ്‍ ഡോളര്‍ ആയിരുന്നു.

എന്നാല്‍ ഈ വാരാന്ത്യത്തില്‍ എന്‍ഡ് ഗെയിം കാണുവാന്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കളക്ഷന്‍ മാത്രം 5,00000 അമേരിക്കന്‍ ഡോളര്‍ ഉണ്ട്. ഇതോടെ അവതാറിന്‍റെ ആഗോള ബോക്സ് ഓഫീസിലെ ഏറ്റവും വലിയ പണംവാരിപ്പടം എന്ന റെക്കോഡ് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം കരസ്ഥമാക്കി. 

അമേരിക്കയില്‍ മാത്രം 853 മില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം നേടിയത്. കഴിഞ്ഞ മാസം റെക്കോഡ് ലക്ഷ്യമാക്കി മാര്‍വല്‍ ഉടമകളായ ഡിസ്നി അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം  റീ റിലീസ് ചെയ്തിരുന്നു. 7 മിനുട്ടോളം കൂടിയ രംഗങ്ങളോടെയാണ് പടം വീണ്ടും എത്തിയത്. ഇതോടെയാണ് അവതാറിനെ എന്‍ഡ് ഗെയിം തോല്‍പ്പിച്ചത്.

അതേ സമയം ഡിസ്നി 71.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറിന് കഴിഞ്ഞ വര്‍ഷം ഫോക്സിനെ ഏറ്റെടുത്തിരുന്നു. ഇതോടെ ഫോക്സ് സ്റ്റുഡിയോ നിര്‍മ്മിച്ച അവതാര്‍ ഇപ്പോള്‍ ഡിസ്നിയുടെ സ്വന്തം ഉത്പന്നമാണ്. ഇതോടെ ലോക ബോക്സ് ഓഫീസിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ 5 ല്‍ മൂന്നും ഡിസ്നിക്ക് സ്വന്തമായി.

നേരത്തെ കളക്ഷന്‍ റെക്കോഡില്‍ എന്‍ഡ് ഗെയിം ടൈറ്റാനിക്കിനെ മറികടന്നപ്പോള്‍ അവഞ്ചേര്‍സിന് അനുമോദനവുമായി ടൈറ്റാനിക്ക്, അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ രംഗത്ത് വന്നിരുന്നു.  യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്‍റെ ടൈറ്റാനിക്കിനെ മുക്കിയത് അവഞ്ചേര്‍സ് ആണ്. ഈ വലിയ നേട്ടത്തിന് ലൈറ്റ് സ്ട്രോം എന്‍റര്‍ടെയ്മെന്‍റ് അവഞ്ചേര്‍സ് ടീമിനെ അഭിനന്ദിക്കുന്നു. ജെയിംസ് കാമറൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ടൈറ്റാനിക്കിലെ ഐക്കോണിക്കായ കപ്പല്‍ ഇടിക്കുന്ന രംഗം അ‍വഞ്ചേര്‍സ് ലോഗോ ഇടിക്കുന്ന രീതിയിലുള്ള ചിത്രവും ജെയിംസ് കാമറൂണ്‍ പങ്കുവച്ചിരുന്നു. റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്ത അവഞ്ചേര്‍സ് എന്‍ഡ് ഗെയിം ചിത്രം 2019 മെയ് മാസത്തിലാണ് റിലീസ് ചെയ്തത്.