ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇഷ്‍ട സിനിമയായ അവഞ്ചേഴ്‍സ് പരമ്പരയിലെ ഏറ്റവും അവസാനത്തെ സിനിമയായ അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം വീണ്ടും ഇന്ത്യയില്‍ റിലീസ് ചെയ്യുന്നു. നാളെയാണ് ചിത്രം ഇന്ത്യയില്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുക. മറ്റ് രാജ്യങ്ങളിലെ ചില തീയേറ്ററുകളിലെ റി- റിലീസ് ചെയ്‍ത് ഒരാഴ്‍ച പിന്നിടുമ്പോഴാണ് ചിത്രം ഇന്ത്യയിലും വീണ്ടും റിലീസ് ചെയ്യുന്നത്.

ആദ്യം റിലീസ് ചെയ്‍ത ചിത്രത്തില്‍ പുതിയ ചില രംഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അവഞ്ചേഴ്‍സ്: എൻഡ്‍ഗെയിം വീണ്ടും എത്തുന്നത്. സമയ ദൈര്‍ഘ്യം കാരണം ചില രംഗങ്ങള്‍ ഒഴിവാക്കിയായിരുന്നു അവഞ്ചേഴ്‍സ് എൻഡ് ഗെയിം ആദ്യം റിലീസ് ചെയ്‍തത്. ആരാധകരെ അദ്ഭുതപ്പെടുത്തുന്ന രംഗങ്ങളും പുതിയ പതിപ്പിലുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എൻഡ് ക്രഡിറ്റിലാണ് പുതിയ രംഗങ്ങള്‍ കാണുക.  2.766 ബില്യണ്‍ ഡോളര്‍ ആണ്  അവഞ്ചേഴ്‍സ് എൻഡ്ഗെയിം ഇതുവരെയായി സ്വന്തമാക്കിയിരിക്കുന്നത്. അവഞ്ചേഴ്‍സ് എൻഡ് ഗെയിമിന് മുന്നിലുള്ള അവതാര്‍ 2.788 ബില്യണ്‍ ഡോളറാണ് നേടിയത്. കളക്ഷന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ബോളിവുഡ് ചിത്രങ്ങളെയും അവഞ്ചേഴ്‍സ് എൻഡ്ഗെയിം പിന്നിലാക്കിയിരുന്നു. അതേസമയം തെന്നിന്ത്യൻ സിനിമയായ ബാഹുബലിയെ മറികടക്കാൻ അവഞ്ചേഴ്‍സ് എൻഡ്ഗെയിമിനു കഴിഞ്ഞിരുന്നില്ല.