നവാഗതനായ അനിരുദ്ധ് അയ്യര്‍ സംവിധാനം

പത്ത് വര്‍ഷം കൊണ്ട് ബോളിവുഡിലെ യുവതാരനിരയില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ആയുഷ്‍മാന്‍ ഖുറാന (Ayushmann Khurrana). വിക്കി ഡോണര്‍, ബറെയ്‍ലി കി ബര്‍ഫി, അന്ധാധുന്‍, ബധായ് ഹൊ, ആര്‍ട്ടിക്കിള്‍ 15 തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍. അതിന്‍റെ തുടര്‍ച്ചയെന്നോണം കൗതുകമുണര്‍ത്തുന്ന ഒരു പുതിയ പ്രോജക്റ്റും പ്രഖ്യാപിച്ചിരിക്കുകയാണ് ആയുഷ്‍മാന്‍. 'ആക്ഷന്‍ ഹീറോ' (Action Hero) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു സിനിമാ നടന്‍റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.

നടനായ ഒരാള്‍ക്ക് യഥാര്‍ഥ ജീവിതത്തില്‍ ആവേണ്ട ഒരു സാഹചര്യത്തെ നേരിടേണ്ടിവരുന്നതിനെക്കുറിച്ചാണ് ചിത്രം. നവാഗതനായ അനിരുദ്ധ് അയ്യര്‍ ആണ് സംവിധായകന്‍. തനു വെഡ്‍സ് മനുവും രഞ്ഝാനയുമൊക്കെ ഒരുക്കിയ ആനന്ദ് എല്‍ റായ്‍യുടെ അസിസ്റ്റന്‍റ് ആയിരുന്നു അനിരുദ്ധ്. ആക്ഷന്‍ സിനിമകളുടെ സ്‍പൂഫ് ആയിരിക്കാം ചിത്രം എന്ന തോന്നലുളവാക്കുന്നതാണ് പുറത്തെത്തിയ അനൗണ്‍സ്‍മെന്‍റ് ടീസര്‍. 

സംവിധായകനൊപ്പം നീരജ് യാദവും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. താന്‍ വേഗത്തില്‍ സമ്മതം മൂളിയ ചിത്രമെന്നാണ് ആക്ഷന്‍ ഹീറോയെക്കുറിച്ച് ആയുഷ്‍മാന്‍ പറഞ്ഞിരിക്കുന്നത്. താന്‍ നായകനാവുന്ന ഒരു സിനിമയില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒത്തിണങ്ങിയ തിരക്കഥയെന്നും. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.