സഹപാഠിയെ കണ്ടുമുട്ടിയ സന്തോഷവും പങ്കുവെച്ചു.
ടെലിവിഷൻ റിയാലിറ്റി പ്രോഗ്രാമുകളിലൂടെയും കോമഡി ഷോകളിലൂടെയും അഭിനയരംഗത്തെത്തിയ കലാകാരനാണ് അസീസ് നെടുമങ്ങാട്. അടുത്തിടെയായി സിനിമകളിൽ കൂടുതൽ സജീവമാകുകയും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയും ചെയ്യുന്ന താരം കൂടിയാണ് അസീസ്. ഹാസ്യകഥാപാത്രങ്ങൾ മാത്രമല്ല, വൈവിധ്യമാർന്ന പല വേഷങ്ങളും തനിക്ക് ചെയ്യാൻ സാധിക്കുമെന്ന് അസീസ് ഇതിനകം തെളിയിച്ചുകഴിഞ്ഞു.
അഭിനയരംഗത്ത് സജീവമായി നിൽക്കുകയാണെങ്കിലും ഇന്നും പഴയ സുഹൃത്തുക്കളെയും പഴയ ഓർമകളെയും ചേർത്തുപിടിക്കുന്നയാളാണ് അസീസ് എന്ന് തെളിയിക്കുന്നതാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ. മുൻപ് ബഹ്റൈനിൽ താൻ ജോലി ചെയ്തിരുന്ന കടയിൽ എത്തുന്നതും അവിടെ ഇപ്പോഴും ജോലി ചെയ്യുന്ന സുഹൃത്തിനെ ചേർത്തുപിടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ''18 വർഷങ്ങൾക്കു മുന്നേ ബഹ്‌റൈനിൽ ജോലി ചെയ്ത കടയിൽ ഞാൻ പോയി , കൂടെ വർക്ക് ചെയ്തിരുന്ന എന്റെ സഹപാഠി.. ഇപ്പോഴും അവൻ അവിടെ ഒണ്ട്, ഒരുപാട് സന്തോഷം അവനെ കണ്ടപ്പോൾ'', എന്നാണ് അസീസ് വീഡിയോക്ക് ക്യാപ്ഷനായി കുറിച്ചത്.
അസീസിനെ കണ്ടയുടൻ ആശ്ചര്യത്തോടെ കെട്ടിപ്പിടിച്ച് ''എന്റെ മുത്തേ നീ എപ്പോ എത്തി'' എന്നാണ് സുഹൃത്ത് ചോദിക്കുന്നത്. ''അളിയാ'' എന്നു വിളിച്ചിട്ടാ സാധാരണ വരാറ് എന്നും സുഹൃത്ത് പറയുന്നുണ്ട്. നടി ശ്രീവിദ്യ മുല്ലച്ചേരിയടക്കം നിരവധിപ്പേർ അസീസ് പങ്കുവെച്ച വീഡിയോയ്ക്കു താഴെ കമന്റ് ചെയ്യുന്നുണ്ട്. ''നിങ്ങളെ പോലെ ഈ വീഡിയോ കണ്ട ഞങ്ങളും ഹാപ്പി'' എന്നാണ് ഒരാൾ കുറിച്ചത്. ''വന്നവഴി മറന്നില്ലാ. ഇതാവണം, ഓർമകൾ ഉണ്ടാവണം'', എന്നു പറയുന്നവരുമുണ്ട്. ''സൗഹൃദം- അത് ഒരു വികാരം തന്നെ ആണ്, മരിക്കാത്ത വികാരം'' എന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
