Asianet News MalayalamAsianet News Malayalam

'രണ്ടാമൂഴം സിനിമയാവില്ല'; അടഞ്ഞ അധ്യായമെന്ന് ബി ആര്‍ ഷെട്ടി

എം ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നുള്ള സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ബി ആര്‍ ഷെട്ടി

B R shetty confirms he will not produce randamoozham
Author
Dubai - United Arab Emirates, First Published Apr 3, 2019, 12:05 AM IST

ദുബായ്: എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് നിര്‍മാതാവാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്ന ഡോ ബി ആർ ഷെട്ടി. എം ടിയും ശ്രീകുമാറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നുള്ള സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

എന്നാൽ മഹാഭാരതം താൻ സിനിമയാക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. രണ്ടാമൂഴം തിരക്കഥ സംബന്ധിച്ച കേസില്‍ ശ്രീകുമാര്‍ മേനോന് കോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍റെ അപ്പീൽ ഫാസ്ട്രാക്ക് കോടതിയും തള്ളി. കേസ് തീരും വരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവ് ഇപ്പോള്‍ നിലനിൽക്കുകയാണ്.

കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം ടി കോടതിയെ സമീപിച്ചത്. മധ്യസ്ഥനിലൂടെ കോടതിക്ക് പുറത്ത് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ കോടതിയിൽ ആവശ്യപ്പെട്ടത്.

മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നും എം ടിയും  വ്യക്തമാക്കി. അതേസമയം, മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച 'മഹാഭാരത'ത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനകള്‍ പുറത്ത് വന്നിരുന്നു.

അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആയിരം കോടി ചെലവില്‍ നിര്‍മ്മിക്കുന്ന 'മഹാഭാരതം' സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ് കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

Follow Us:
Download App:
  • android
  • ios