Asianet News MalayalamAsianet News Malayalam

'പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ക്രൂരമായ അസംബന്ധങ്ങളുടെ തുടർച്ച'; ചെന്നിത്തലയെ വിമര്‍ശിച്ച് ബി ഉണ്ണികൃഷ്‍ണന്‍

'പതിനായിരകണക്കിന് പേർ ലോകമെമ്പാടും മരിച്ചു വീഴുമ്പോൾ കേരളത്തിന് രക്ഷിക്കാൻ കഴിയാതെ പോയത് ഇതുവരെ 2 പേരെ മാത്രമാണ്. അത് ലോകത്തെ ഏത് സ്റ്റാൻഡേർഡ് വച്ച് പറഞ്ഞാലും അത്ഭുതം തന്നെയാണ്. ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രിപറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണ്‌.'
b unnikrishnan criticizes ramesh chennithala in springler controversy
Author
Thiruvananthapuram, First Published Apr 16, 2020, 12:45 PM IST
സ്പ്രിംഗ്ളര്‍ വിവരച്ചോര്‍ച്ചാ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിമര്‍ശനവുമായി സംവിധായകനും ഫെഫ്‍ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്‍ണന്‍. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നും സര്‍ക്കാര്‍ അനാവശ്യമായി കൊറോണ ഭീതി പരത്തുകയാണെന്നും ആരോപിച്ചതുപോലെ പ്രതിപക്ഷ നേതാവിന്‍റെ ക്രൂരമായ അസംബന്ധങ്ങളുടെ തുടര്‍ച്ചയാണ് ഈ ആരോപണമെന്നും ഉണ്ണികൃഷ്‍ണന്‍ ആരോപിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണികൃഷ്‍ണന്‍ വിഷയത്തില്‍ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

ബി ഉണ്ണികൃഷ്‍ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഞാനൊരു ഐ ടി വിദഗ്‍ധനല്ല. ഐ ടി സർവ്വീസുകളുടെ ഒരു ഉപഭോക്താവ് മാത്രമാണ്. ഒപ്പം വായനയിലൂടെയും മറ്റും കാര്യങ്ങളെ ഗ്രഹിക്കാൻ ശ്രമിക്കുന്ന ഒരാളുമാണ്. സ്പ്രിംഗ് ളർ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്ക് മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ വിശദമായി മറുപടി നല്കിയിരുന്നു. തീർച്ചയായും ആ മറുപടിയിൽ പ്രശ്നം അവസാനിക്കേണ്ടതായിരുന്നു. പക്ഷേ പ്രതിപക്ഷം തങ്ങളുന്നയിച്ച ആരോപണങ്ങളിൽ നിന്ന് പിറകോട്ടില്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നത്.

ലക്ഷക്കണക്കിനാളുകളുടെ റേഷൻ കാർഡ് സംബന്ധിച്ച വിവരങ്ങൾ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഒരാരോപണം. അത്തരം ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പിന്നെന്തിനായിരുന്നു അങ്ങിനെ ഒരാരോപണം? ഏതുവിധത്തിലുള്ള മാനസികാവസ്ഥയാവും ഈ ആരോപണത്തിനു പിന്നിലുള്ളത്‌?

ഇനി പ്രതിപക്ഷം ഇപ്പോഴും ഉറച്ചു നിൽക്കുന്ന ഡേറ്റാ ചോർച്ചയെ കുറിച്ചുള്ള ആരോപണങ്ങളെപ്പറ്റി ചിലത്‌.

ഞാൻ മനസ്സിലാക്കിയിടത്തോളം സ്പ്രിംഗ് ളർ എന്ന കമ്പനി ഒരു CRM--.കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെൻറ് --സേവനമാണ്‌ സർക്കാരിനു നൽകുന്നത്‌. ഇത്തരത്തിൽ CRM സേവനങ്ങൾ നല്കുന്ന കമ്പനിയുടെ thumb rule തന്നെ, 'ഉപഭോക്താവിന്‍റെ ഡേറ്റ ഉപഭോക്താവിന്‍റേത് മാത്രമായിരിക്കും,' എന്നതാണ്‌. അതായത് your data is your data. ആ ഡേറ്റയുടെ ഉടമസ്ഥതക്കോ, അത് മറ്റൊരാൾക്ക് മറിച്ചു വില്ക്കുന്നതിനോ, ഏതെങ്കിലും പ്ലാറ്റ്ഫോമുമായി ഷെയർ ചെയ്യുന്നതിനോ CRM കമ്പനികൾക്ക് സാധാരണ നിലയിൽ യാതൊരു വിധത്തിലുള്ള അധികാരാവകാശങ്ങളുമില്ല.

സർക്കാർ പുറത്തുവിട്ടിരിക്കുന്ന സ്പ്രിംഗ്ളർ രേഖകളിലും ഇത് ഉറപ്പിച്ചു പറയുന്നുണ്ട്. സർക്കാർ ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥാവകാശം സർക്കാരിനുതന്നെയാണ്. ഉഭയകക്ഷി സമ്മതം അഥവാ ഉഭയകക്ഷി കരാർ പ്രകാരം സർക്കാരാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്. എന്താണിവിടെ സ്പ്രിംഗ് ള ർ ചെയ്യുന്നത്? അവർക്കുള്ള വൈദഗ്ദ്ധ്യം എന്തിലാണ്? സർക്കാര് ജനങ്ങളിൽ നിന്ന് അവരുടെ സമ്മതപ്രകാരം ശേഖരിക്കുന്ന വിവരങ്ങൾ, ഇക്കാര്യത്തിൽ ആളുകളുടെ സമ്മതമുണ്ടാകുക എന്നത് മുൻ നിശ്ചിതമായി ഉറപ്പാക്കേണ്ടതാണ്, തീർച്ചയായും ഇത്തരം വിവരശേഖരണത്തിൽ അത് ആളുകളെ ബോധ്യപ്പെടുത്തിയിരിക്കും, സ്പ്രിംഗ്ളറിന് കൈമാറുമ്പോൾ സ്പ്രിംഗ് ള ർ അതിനെ ഒരു മെട്രിക് സ് അഥവാ സ്ട്രക്ച്ചേഡ് ഡാറ്റ ആക്കി മാറ്റുന്നു. അങ്ങനെ മാറ്റിയതിനു ശേഷം, APl അഥവാ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്‍റര്‍ഫേസ് എന്നു പറയുന്ന ഒരു സേവന രീതിയിലേക്ക് അതിനെ പരുവപ്പെടുത്തുന്നു. A Pl എന്തെന്ന് വളരെ ലളിതമായി പറഞ്ഞാൽ നമ്മള് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് , ചില ഡാറ്റയൊക്കെ പൂരിപ്പിച്ച ശേഷം, ഒരു ചോദ്യം ടൈപ്പ് ചെയ്ത് എന്‍റര്‍ അടിക്കുമ്പോള്‍ ആ എന്‍റര്‍ പ്രസ്സ് ചെയ്യുന്ന മൊമന്‍റില്‍ നമ്മളൊരു APl കാളാണ് നടത്തുന്നത്. നമ്മുടെ ചോദ്യം ആ ആപ്ലിക്കേഷന്‍റെ സർവ്വറിലേക്ക് പോവുകയും നമുക്ക് ഉത്തരം ലഭിക്കുകയും ചെയ്യുന്നു. ഇത്തരമൊരു APl സേവനമാണ് സ്പ്രിംഗ് ള ർ ചെയ്യുന്നത്. ആളുകള്‍ കൊടുക്കുന്ന അൺസ്ട്രക്ച്ചേഡ് ആയ ഡേറ്റയെ സ്ട്രക്ച്ചേഡ് ആക്കി മാറ്റി സർക്കാരിനാവശ്യമായ വിവരമാക്കി അഥവാ ഉത്തരമാക്കി മാറ്റുന്നു. ഇതാണ് സ്പ്രിംഗ്ളർ ചെയ്യുന്നത്. ഉദാഹരണത്തിന് കൊച്ചി കോർപറേഷനിലെ 12-ാം വാർഡിൽ ക്വാറന്‍റൈനില്‍ കഴിയുന്ന 60 വയസ്സിനു മുകളിലുള്ള ആളുകളുടെ എണ്ണമെത്ര? അതിൽ പ്രത്യേകമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്ര? എന്നതൊക്കെ ഞൊടിയിടയ്ക്കുള്ളിൽ കണ്ടു പിടിക്കുന്ന പരിപാടിയാണിത്. നല്ല സാന്ദ്രതയുള്ള ഈ ഡേറ്റയുടെ സ്റ്റോറേജ് സ്പേസ്, ആമസോൺ ക്ലൗഡ് ആണ്. ഇത് റീജിയണൽ സ്പെസിഫിക് ആയ ക്ലൗഡ് ആണ്. അതിനർത്ഥം അതിന്റെ സെർവ്വറും jurisdiction-ഉം ഇന്ത്യയിലാണ്‌ എന്നാണ്‌; ഡാറ്റയുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിൽനിലനിൽക്കുന്ന മുഴുവൻ നിയമങ്ങളുമതിനു ബാധകമാണ്‌. എന്നു മാത്രമല്ല നേരത്തേ പറഞ്ഞതുപോലെ ഈ ഡേറ്റയുടെ പൂർണ്ണമായ ഉടമസ്ഥത സർക്കാരിൽ നിക്ഷിപ്തവുമാണ്.

ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം സെപ്തംബർ 14 വരെയാണ് ഈ കമ്പനി സൗജന്യ സേവനം നല്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. (കോവിഡ്- 19 അതിന് മുമ്പ് ഒഴിഞ്ഞു പോയാൽ അപ്പോൾ വരെ, ഇതിലേതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ചെന്ന് കമ്പനി വ്യക്തമാക്കുന്നു).

നമ്മൾ മനസ്സിലാക്കേണ്ടത് സൗജന്യ നിരക്കിൽ അഥവാ സൗജന്യമായി ഒരു പ്രത്യേക കാലയളവിലേക്ക് സേവനം തരുന്ന ഏത് സർവ്വീസ് പ്രൊവൈഡറും ചെയ്യുന്ന ഒരു സംഗതിയാണിത്‌. നമ്മള് ചില സോഫ്റ്റ് വെയർ പെയോഗിക്കുമ്പോൾ 15/30 ദിവസത്തേക്ക് നമുക്ക് ട്രയൽ നോക്കാം. അതിന് ശേഷം സേവനം തൃപ്തികരമെന്ന് തോന്നിയിൽ കാശ് അടച്ച് സേവനം തുടരാം, ഇല്ലേൽ നമുക്ക് പിൻവാങ്ങാം. അപ്പോൾ ആ കാലാവധിക്കു ശേഷവും സർക്കാർ സ്പ്രിങ്ക്ളറുമായുള്ള കരാർ തുടരുകയാണെങ്കിൽ മാത്രമാണ്‌ പ്രതിപക്ഷ നേതാവുന്നയിക്കുന്ന " കാശുകൊടുത്തുള്ള സേവനം" എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ.

സ്പ്രിംഗ് ള ർ കമ്പനിയുടെ SaaS ( software as a service) സേവനങ്ങൾ ,നമുക്ക് തരുമ്പോൾ ചോദ്യമുയർന്നേക്കാം വേറെ ബദലുകൾ ഇല്ലേയെന്ന്? തീർച്ചയായുമുണ്ട്. പക്ഷേ നിലവിലുള്ള ഒരു കടുത്ത സാഹചര്യത്തിൽ ഇത് പോലെ മറ്റൊന്ന് രൂപപ്പെടുത്തി എടുക്കാനോ പ്രാവർത്തികമാക്കാനോ ഉള്ള സാവകാശം നമുക്കുണ്ട് എന്ന് തോന്നുന്നില്ല. ദീർഘമായി സമയം വേണ്ട ഒരു പ്രക്രിയ ആണെന്നതു കൊണ്ട് തന്നെ മലയാളിയായ ഒരു സോഫ്റ്റ് വെയർ വിദഗ്ദ്ധൻ പ്രമോട്ട് ചെയ്യുന്ന, ഇത്തരം സേവനങ്ങളിൽ ട്രാക്ക് റെക്കോഡുള്ള ഒരു കമ്പനി സ്വമേധയാ മുന്നോട്ട് വന്ന് സൗജന്യ സേവനം വാഗ്ദാനം ചെയ്യുമ്പോൾ അത് സ്വീകരിക്കുന്നതിൽ തെറ്റുണ്ടെന്ന് എന്ന് പറയാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല.

ഇനി വിവര ചോർച്ചയുടെ കാര്യം. ഇൻറർനെറ്റുമായി ബന്ധപ്പെട്ടുള്ള എതിക്കാലിറ്റിയെ അട്ടിമറിച്ചു കൊണ്ട് ഒരാൾക്ക് ഫ്രോഡ് കാണിക്കണമെന്ന് തോന്നിയാൽ മാത്രമേ വിവര ചോർച്ചക്ക് സാധ്യതയുള്ളൂ. ഉഭയകക്ഷികൾക്കും ഉത്തമ വിശ്വാസമുള്ള, പരസ്പര ബോധ്യമുള്ള ചില ധാരണകൾക്കോ കരാറിനോ പുറത്താണ് ഇത്തരം സേവനങ്ങൾ സ്വീകരിക്കപ്പെടുന്നത്. സ്വകാര്യ വിവരങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതിന് ശക്തമായ ഡേറ്റ നിയമങ്ങൾ നിലനില്ക്കുന്ന പല യൂറോപ്യൻ രാജ്യങ്ങളും അടുത്ത കാലങ്ങളിലായി ഗൂഗിളിനെതിരേ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഫ്രഞ്ച് സർക്കാർ ഔ കഴിഞ്ഞ വർഷം ഭീമമായ തുകയാണ് ഇക്കാര്യത്തിൽ ഗൂഗിളിന് മേൽ ചുമത്തിയത്. നമ്മുടെ പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക മെയ്ൽ IDയും ജി മെയിൽ IDതന്നെയാണ്.അതായത് അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെടുന്ന എല്ലാ ആളുകളുടേയും ഡേറ്റ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നൊരു വാദം ഉന്നയിച്ചാൽ അദ്ദേഹം അതിനെ എങ്ങിനെ പ്രതിരോധിക്കും? എന്നാൽ, ഇപ്പോൾ കൊവിഡ്‌ 19-നുമായി ബന്ധപ്പെട്ട്‌ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ തങ്ങളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണെന്ന് ഇവിടെ ഒരു സർക്കാരാണ് പറയുന്നത് . എന്നിട്ടും കോലാഹലം ഉയർത്തുന്നുണ്ടെങ്കിൽ ഇത് പ്രതിപക്ഷ നേതാവിന്റെ ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്? മനുഷ്യ ജീവനെ രക്ഷിക്കുവാൻ ആവശ്യമായ വിവരങ്ങളുടെ ശേഖരണവും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ നടപടികളും, ഫയലൊക്കെ ഉണ്ടാക്കി സെക്രട്ടറിയേറ്റിലെ ക്ലാർക്ക് മുതൽ ചീഫ് സെക്രട്ടറി വരെ ഒപ്പിട്ട് ഗവർണറുടെ പേരിൽ ഉത്തരവ് ആയിട്ട് മതിയെന്നു പറയുന്നത് കേരളം അടുത്ത കാലത്ത് കേൾക്കുന്ന ഏറ്റവും ക്രൂരമായ രാഷട്രീയ തമാശയായിരിക്കും. 'ആരോഗ്യ മന്ത്രിയുടെ മീഡിയാ മാനിയ; മുഖ്യന്ത്രി പത്രക്കുറിപ്പ് ഇറക്കിയാൽ പോരേ? സർക്കാർ അനാവശ്യമായി കൊറോണ ഭീതി പരത്തുകയാണ് ,അമേരിക്കകാർ ചെയ്തത് പോലെ mitigation നടപടികൾ ചെയ്താൽ പോരെ എന്നൊക്കെയുള്ള ക്രൂരമായ അസംബന്ധങ്ങളുടെ തുടർച്ച തന്നെയാണ്‌ ഈ വിവാദവും.

ഇന്ത്യൻ വംശജയും 61കാരിയുമായ മാധവി അയ(Aya) ന്യൂയോർക്കിലെ ആരോഗ്യ പ്രവർത്തകയായിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നതിന് മുമ്പ് അവർക്ക് മകളും അവർ മകൾക്കും അയച്ച സന്ദേശമാണ്‌ ഇതോടൊപ്പം കൊടുത്തിരിക്കുന്നത്. വിശദമായ സ്റ്റോറി: https://www.nytimes.com/…/coronavirus-woodhull-madhvi-aya-d…

നമ്മുടെ നാട്ടിൽ ഒരു ആരോഗ്യ പ്രവർത്തകർക്കും ഇങ്ങനെയൊരു അവസ്ഥ ഇതു വരെ ഉണ്ടാവാൻ ഈ സർക്കാർ സമ്മതിച്ചിട്ടില്ല. പതിനായിരകണക്കിന് പേർ ലോകമെമ്പാടും മരിച്ചു വീഴുമ്പോൾ കേരളത്തിന് രക്ഷിക്കാൻ കഴിയാതെ പോയത് ഇതുവരെ 2 പേരെ മാത്രമാണ്. അത് ലോകത്തെ ഏത് സ്റ്റാൻഡേർഡ് വച്ച് പറഞ്ഞാലും അത്ഭുതം തന്നെയാണ്. ഈ അത്ഭുതത്തെ പരാജയപ്പെടുത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവരുടെ മാനസികാവസ്ഥ, മുഖ്യമന്ത്രിപറഞ്ഞ പോലെ, അങ്ങേയറ്റം വികൃതമാണ്‌. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിലുള്ള മലയാളികളെയും പ്രവാസികളെയും കേരളത്തിൽ തിരിച്ചെത്തിക്കുന്നതിനും പരിചരിക്കുന്നതിനും അങ്ങനെ സാമൂഹ്യ വ്യാപനം സംഭവിക്കാതെ നോക്കേണ്ടതിനുമാണ് വളരെ തിടുക്കപ്പെട്ട് ഈ പ്രക്രിയകളിലൂടെ സർക്കാരിന് പോകേണ്ടി വരുന്നത്. അപ്പോൾ നടപടികൾ പാലിച്ചും നിയമസാധുതകൾ അന്വേഷിച്ചും അനുമതികൾ പല തലങ്ങളിൽ നിന്ന് വാങ്ങിയും ഇതൊക്കെ ചെയ്താ മതി ഹേ എന്നു പറയുകയും കരുതുകയും ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അധികാര രാഷട്രീയത്തിന്‍റെ ഇടനാഴികളിൽ ലേലം വിളിച്ച് പോകാനുള്ളതല്ല മനുഷ്യ ജീവൻ. അഥവാ മനുഷ്യനുണ്ടെങ്കിലേ രാഷ്ടീയ മുള്ളൂ, അധികാരമുള്ളൂ.
Follow Us:
Download App:
  • android
  • ios