കൊവിഡ് സൃഷ്ടിച്ച മാസങ്ങളുടെ ഇടവേളയ്ക്കുശേഷം മോഹന്‍ലാല്‍ ക്യാമറയ്ക്കു മുന്നിലെത്തിയ 'ദൃശ്യം 2' ചിത്രീകരണം പൂര്‍ത്തിയാക്കി നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രം പാക്കപ്പ് ആയതിനുശേഷം ദുബൈയില്‍ അവധിദിനങ്ങള്‍ ചിലവിടുകയാണ് മോഹന്‍ലാല്‍. തിരിച്ചെത്തിയാല്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലേക്ക് ജോയിന്‍ ചെയ്യും അദ്ദേഹം. ബി ഉണ്ണികൃഷ്ണന്‍റേതായി നേരത്തെ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇത്. 'വില്ലനു' ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഒന്നാണ്.

പേരില്‍ വ്യത്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്‍' എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള ഒരു വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 'രാജാവിന്‍റെ മകനി'ലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പരാണ് കാറിനും നല്‍കിയിരിക്കുന്നത്- 2255. 

ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് 'ആറാട്ട്'. 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. എഡിറ്റിംഗ് സമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ രാജ്. ഈ മാസം 23ന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ഒരു ലൊക്കേഷനാണ്.