കൊച്ചി: യുവനടന്‍ നീരജ് മാധവന്‍ ചൂണ്ടിക്കാണിച്ച വിഷയം ഗൗരവപൂർവം ഫെഫ്ക ചർച്ച ചെയ്യുമെന്ന് ബി ഉണ്ണികൃഷ്ണൻ. സിനിമ മേഖലയിൽ ഒരു തരത്തിലുമുള്ള വിവേചനം അനുവദിക്കില്ലെന്നും അത്തരത്തിലുള്ള ആരോപണങ്ങള്‍ ഗൗരവപൂർവം പരിഗണിക്കുമെന്നും ബി ഉണ്ണികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ബ്ലാക്മെയിൽ ചെയ്ത വിഷയത്തിൽ അന്വേഷണം നടത്തിയെന്നും ഫെഫ്കയിലെ അംഗങ്ങളുമായി അതിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂൺ 16 ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നീരജ് മാധവ് സിനിമയിലെ വിവേചനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്. സിനിമയിൽ അലിഖിതമായ നിയമങ്ങളുണ്ടെന്ന് ഒരു പ്രൊഡക്ഷൻ കണ്ട്രോളർ പറഞ്ഞതാണ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഗോഡ് ഫാദർമാരില്ലാത്ത അഭിനേതാക്കൾക്ക് മലയാള സിനിമയിൽ വളരാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. ഈ പോസ്റ്റ് വിവാദമായതോടെയാണ് പ്രൊഡക്ഷൻ കണ്ട്രോളർമാരുടെ കൂടി സംഘടനയായ ഫെഫ്ക വിഷയത്തിൽ ഇടപെടുന്നത്. 

ഇങ്ങനെയൊരു സംഘമുണ്ടെങ്കിൽ അവർ ആരാണെന്ന് നീരജ് വ്യക്തമാക്കണമെന്നും, ഇത്തരമൊരു പരാമർശം സിനിമയിലെ മുഴുവൻ പേരെയും മുൾമുനയിൽ നിർത്തുന്ന ആരോപണമാണെന്നുമായിരുന്നു ഫെഫ്കയുടെ നിലപാട്. നീരജിന്‍റെ വിശദീകരണം വേണമെന്ന് ഫെഫ്ക അഭിനേതാക്കളുടെ സംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അമ്മയ്ക്ക് നൽകിയ മറുപടി കത്തിലും നീരജ്, പുതിയ കലാകാരൻമാരെ നിയന്ത്രിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്നും ഉണ്ടാകുന്നുവെന്ന ആരോപണം ആവർത്തിച്ചു.

കത്തിൻ്റെ പകർപ്പ് അമ്മ ഫെഫ്ക ഭാരവാഹികൾക്ക് കൈമാറി. നീരജ് ആരോപണം ആവർത്തിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണ നൽകുന്നതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ നിലപാട് എടുത്തിട്ടുണ്ട്. നീരജ് മാധവ് ഉന്നയിച്ച ആരോപണം ആവർത്തിച്ചത് ഗൗരവത്തോടെ എടുക്കണമെന്നും ചലച്ചിത്ര രംഗത്ത് ഇത്തരം വിവേചനം ഉണ്ടെങ്കിൽ പരിഹരിക്കപ്പെടണമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. മുഴുവൻ സിനിമ സംഘടനകളും ഈ വിഷയം ചർച്ച ചെയ്യണമെന്ന് വ്യക്തമാക്കിയ ഉണ്ണികൃഷ്ണൻ വിഷയത്തിൽ വിശദമായ ചർച്ച ആവശ്യപ്പെട്ട് ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനും സംവിധായകരുടേയും എഴുത്തുകാരുടേയും യൂണിയനും കത്ത് അയക്കുമെന്നും അറിയിച്ചു. 

ഇങ്ങനെയൊരു സംഘം പ്രവ‍ർത്തിക്കുന്നുണ്ടെങ്കിൽ അവരെ ഇല്ലാതാക്കേണ്ടത് ഈ രംഗത്ത് പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളുടെ ഉത്തരവാദിത്തമാണെന്നും അമ്മയ്ക്ക് നൽകിയ കത്തില്‍ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. നീരജിൻ്റെ പോസ്റ്റിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടെന്നും നേരത്തെ കൊടുത്ത കത്തിൽ ഫെഫ്ക ആരോപിച്ചിരുന്നു. നീരജ് ഉന്നയിച്ച ആരോപണങ്ങളുടെ മുഴുവൻ വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും  അമ്മക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഫെഫ്കയുടെ ഇടപെടലിന് ശേഷമാണ് നീരജിനോട് വിശദീകരണം തേടാൻ അമ്മ തീരുമാനിച്ചത്.