യുവതിരക്കഥാകൃത്തുക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു

ഭീഷ്‍മപര്‍വ്വം സഹരചയിതാവായ ദേവ്ദത്ത് ഷാജിയുടെ തിരക്കഥയില്‍ സിനിമയൊരുക്കാന്‍ ബി ഉണ്ണികൃഷ്ണന്‍. ദേവ്ദത്ത് ഉള്‍പ്പെടെയുള്ള മലയാളത്തിലെ യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം താന്‍ സിനിമ ചെയ്യുമെന്ന് അവസാന ചിത്രമായ ക്രിസ്റ്റഫറിന്‍റെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നതാണ്. ഉണ്ണികൃഷ്ണനൊപ്പമുള്ള തന്‍റെ ചിത്രം ദേവ്ദത്ത് ഷാജി ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. തന്‍റെ അടുത്ത ചിത്രം എന്ന സൂചനയോടെയായിരുന്നു പോസ്റ്റ്. ഇതോടെ ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരിക്കുകയാണ്.

ഒന്നുകില്‍ ദേവ്ദത്ത് ഷാജി തിരക്കഥയൊരുക്കുന്ന ചിത്രമോ അല്ലെങ്കില്‍ സ്വന്തം രചനയില്‍ ഒരുങ്ങുന്ന ചിത്രമോ ആവും അടുത്തതായി താന്‍ സംവിധാനം ചെയ്യുകയെന്ന് ബി ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ദേവ്ദത്ത്- ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകനെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാവാനുണ്ടെന്നും അതിനാല്‍ത്തന്നെ കാസ്റ്റിം​ഗ് തീരുമാനിച്ചിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരായിരുന്നു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അവസാന മൂന്ന് ചിത്രങ്ങളിലെ നായകന്മാര്‍.

യുവതിരക്കഥാകൃത്തുക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നത് ഇങ്ങനെ- ഷാരിസ് മുഹമ്മദ്, ദേവ്‍ദത്ത് ഷാജി, ഷര്‍ഫു- സുഹാസ് തുടങ്ങിയ പ്രതിഭാധനരായ യുവ തിരക്കതാകൃത്തുക്കള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുകയാണ് ഞാന്‍. സ്വന്തം ജോലിയിലേക്ക് ഇവര്‍ കൊണ്ടുവരുന്ന ഊര്‍ജ്ജവും തീയും എന്നെ ആവേശഭരിതനാക്കുന്നുണ്ട്, ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. 

അതേസമയം സംവിധായകനായും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ദേവ്ദത്ത് ഷാജി. ജാനെമന്‍, ജയ ജയ ജയ ജയ ഹേ എന്നീ വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാ ചിയേഴ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചിട്ടില്ല. 

ALSO READ : തോക്കും ആക്ഷനും വേണ്ട, ഇങ്ങനെയും ഞെട്ടിക്കാം! 'കാതല്‍' വന്‍ അപ്ഡേറ്റുമായി അര്‍ധരാത്രി മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക