പ്രേക്ഷകര്‍ക്ക് വിസ്മയമായി ലണ്ടന്‍ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലെ 'ബാഹുബലി: ദി ബിഗിനിംഗി'ന്റെ ലൈവ് പ്രദര്‍ശനം. റോയല്‍ ആല്‍ബര്‍ട്ട് ഹാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇംഗ്ലീഷ്-ഇതര ചിത്രം ഇവിടെ 'ലൈവ്' ആയി പ്രദര്‍ശിപ്പിക്കുന്നത്. സിനിമകളുടെ പ്രദര്‍ശനത്തിനൊപ്പം തത്സമയം അതിന്റെ പശ്ചാത്തലസംഗീതം കലാകാരന്മാര്‍ അവതരിപ്പിക്കുകയാണ് ചെയ്യുക. 'ബാഹുബലി'ക്ക് എംഎം കീരവാണി നല്‍കിയ പശ്ചാത്തലസംഗീതം റോയല്‍ ഫില്‍ഹാര്‍മണിക് കണ്‍സെര്‍ട്ട് ഓര്‍ക്കസ്ട്രയാണ് ബിജിഎം അവതരിപ്പിച്ചത്.

തങ്ങളുടെ കരിയറിലെ തന്നെ മികച്ച ചിത്രത്തിന്റെ അവിസ്മരണീയ നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ 'ബാഹുബലി'യുടെ അണിയറക്കാരില്‍ പലരും റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ എത്തിയിരുന്നു. സംവിധായകന്‍ എസ് എസ് രാജമൗലിക്കൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്‌ക ഷെട്ടി തുടങ്ങിയവരൊക്കെ എത്തി.

'ബാഹുബലി'യുടെ ഈ അപൂര്‍വ്വ പ്രദര്‍ശനം കാണാന്‍ ബ്രിട്ടനിലെ ഇന്ത്യക്കാരുടെ വലിയ സംഘങ്ങള്‍ എത്തിയിരുന്നു. ചിത്രം ഒന്നിലധികം തവണ കണ്ടവരായിരുന്നു അവരില്‍ പലരും. എസ് എസ് രാജമൗലി ഒരുക്കിയ ചിത്രത്തോട് പ്രേക്ഷകര്‍ക്കുള്ള ആരാധന എത്രയെന്ന് വെളിവാക്കുന്നതായിരുന്നു ഇതുസംബന്ധിച്ച് പലരുടെയും ട്വീറ്റുകള്‍.

400 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട ബാഹുബലി സിരീസിന്റെ ആഗോള കളക്ഷന്‍ 1800 കോടി ആയിരുന്നു. ഇന്ത്യന്‍ സിനിമയുടെ സാമ്പ്രദായിക വിദേശ മാര്‍ക്കറ്റുകള്‍ക്കപ്പുറത്ത് പുതിയ വിപണികള്‍ കണ്ടെത്തുകയും ചെയ്തു ചിത്രം. ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ വിജയമായിരുന്നു ചിത്രം.