റെസ്റ്റോർ ചെയ്ത ദൃശ്യങ്ങൾ, ശബ്ദം, ഇതുവരെ കാണാത്ത ചില രംഗങ്ങൾ എന്നിവ ഉൾപ്പെടുത്തി 3 മണിക്കൂർ 44 മിനിറ്റ് ദൈർഘ്യമുള്ള പുതിയ പതിപ്പ് 

തെലുങ്ക് സിനിമയുടെ തലവര മാറ്റിയെന്ന് നിസംശയം പറയാവുന്ന ചിത്രമായിരുന്നു ബാഹുബലി. തെലുങ്കിന് പുറത്തുള്ള തെന്നിന്ത്യന്‍ ഭാഷാ സിനിമകള്‍ക്കും ഒരു പാന്‍ ഇന്ത്യന്‍ വഴി കാട്ടിക്കൊടുത്തു എസ് എസ് രാജമൗലിയുടെ ഈ ചിത്രം. രാജമൗലി എന്ന പേരിനൊപ്പം പ്രഭാസ് എന്ന പേരും ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളുടെ മനസില്‍ ഇടംപിടിച്ചു ഈ ചിത്രത്തോടെ. രണ്ട് വര്‍ഷത്തിനപ്പുറം ബാഹുബലിയുടെ രണ്ടാം ഭാഗം എത്തിയപ്പോള്‍ അത്രത്തോളം കാത്തിരിപ്പ് അത് ഉയര്‍ത്തിയിരുന്നു. ഇപ്പോഴും ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ പ്രദര്‍ശനങ്ങളിലും മികച്ച റേറ്റിംഗ് സ്വന്തമാക്കാറുണ്ട് ഈ ഫ്രാഞ്ചൈസി. അത്രത്തോളമുണ്ട് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഈ സിനിമയോടുള്ള ഇഷ്ടം. ഇപ്പോഴിതാ ബാഹുബലി ആരാധകര്‍ക്ക് പുതിയൊരു തിയറ്റര്‍ അനുഭവം കൂടി ഈ മാസം ലഭിക്കുകയാണ്. ബാഹുബലി രണ്ട് ഭാഗങ്ങള്‍ കൂടി ചേര്‍ത്തുള്ള ഒറ്റ എഡിറ്റ് ആണ് ഇത്. ബാഹുബലി ദി എപിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്.

സിബിഎഫ്സി യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 3 മണിക്കൂര്‍ 44 മിനിറ്റ് ആണ് പുതിയ പതിപ്പിന്‍റെ ദൈര്‍ഘ്യം. ഈ മാസം 31 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. രണ്ട് ഭാഗങ്ങള്‍ വെറുതെ എഡിറ്റ് ചെയ്തിരിക്കുന്നതല്ല പുതിയ പതിപ്പ്, മറിച്ച് റെസ്റ്റോര്‍ ചെയ്ത ദൃശ്യവും ശബ്ദവും ഒപ്പം ചില വ്യത്യാസങ്ങളും ചിത്രത്തില്‍ ഉണ്ടാവും. സാങ്കേതികമായ കൂടുതല്‍ മികവിനൊപ്പം ബാഹുബലി ഫ്രാഞ്ചൈസിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില നിമിഷങ്ങളും ചിത്രത്തില്‍ ഉണ്ടാവുമെന്നാണ് വിവരം. ബാഹുബലി പലയാവര്‍ത്തി കണ്ടവര്‍ക്കും ചിത്രം പുതിയ അനുഭവം പകരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

ബാഹുബലി ആദ്യ ഭാഗം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായുള്ള റിലീസ് ആണ് ഇത്. റീ റിലീസിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് രാജമൗലി. അഞ്ചര മണിക്കൂറോളമുള്ള ഫൂട്ടേജിനെ, കഥപറച്ചിലിന്‍റെ ശക്തി ചോരാതെ പകുതിയായി ചുരുക്കുക എന്ന കഠിനമായ മിഷന്‍ ആയിരുന്നു രാജമൗലിയുടെ മുന്നില്‍ ഉള്ളത്. ഒക്ടോബര്‍ 31 ന് തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഐമാക്സ്, 4ഡിഎക്സ്, ഡി-ബോക്സ്, ഡോള്‍ബി സിനിമ, എപിക് എന്നിങ്ങനെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലൊക്കെ ചിത്രം എത്തും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്