ബാബു ആന്‍റണി നായകനാവുന്ന ഒമര്‍ ലുലു ചിത്രം 'പവര്‍ സ്റ്റാറി'ല്‍ അറിയപ്പെടുന്ന ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും അഭിനയിക്കുന്നുണ്ട്. ലൂയിസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം ഒമര്‍ ലുലു ഇന്നാണ് പുറത്തുവിട്ടത്. അഭിനേതാവ് എന്നതിനു പുറമെ ബോക്സര്‍ കൂടിയാണ് ലൂയിസ്. ബാബു ആന്‍റണിയുടെ സുഹൃത്തും. താരപരിവേഷവും ആയോധനകലയില്‍ പരിചയവുമുള്ള ഒരു ഹോളിവുഡ് നടനെ കിട്ടുമോ എന്ന് ഒമര്‍ ലുലു തന്നോട് ചോദിച്ചിരുന്നുവെന്നും അതിനായുള്ള അന്വേഷണത്തിലാണ് സുഹൃത്ത് കൂടിയായ ലൂയിസ് മാന്‍ഡിലര്‍ തയ്യാറായതെന്നും ബാബു ആന്‍റണി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.

ലൂയിസ് മാന്‍ഡിലര്‍ 'പവര്‍ സ്റ്റാറി'ല്‍ എത്തിയതിനെക്കുറിച്ച് ബാബു ആന്‍റണി

"പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം Louise Mandylor ഉണ്ടായിരിക്കും. പവർസ്റ്റാറിന്‍റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള, അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്‍സും വശമുള്ള ഹോളിവുഡ്‌ ആക്ടറെ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന അഭിനേതാക്കളില്‍ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ Louise Mandylor നോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്‍റെ പ്രതിഫലത്തിന്‍റെ കാര്യത്തെക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്‍റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, 'POWER STAR'എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി Louise Mandylor-ഉം ഉണ്ടാകും."

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ഇത്. കൊക്കെയ്‍ന്‍ വിപണി പശ്ചാത്തലമാക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലാവും ചിത്രീകരണം.