ഒരുകാലത്ത് നായകനായി കുറേയെറെ വേഷങ്ങളില്‍ അഭിനയിച്ച നടനായിരുന്നു ബാബു ആന്റണി. ആക്ഷൻ രംഗങ്ങളായിരുന്നു ബാബു ആന്റണിയുടെ ആരാധകര്‍ക്ക് ഇഷ്‍ടം. വില്ലൻ വേഷങ്ങളിലായിരുന്നു ബാബു ആന്റണി ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. മമ്മൂട്ടി നായകനായ കാര്‍ണിവലില്‍ ബാബു ആന്റണി വില്ലനായിരുന്നു. ചിത്രത്തില്‍ മരണക്കിണറില്‍ ബൈക്ക് ഓടിച്ചതിനെ കുറിച്ച് ബാബു ആന്റണി പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കാര്‍ണിവല്‍ എന്ന സിനിമയ്‍ക്ക് വേണ്ടി ഞാൻ ഉപയോഗിച്ച ബൈക്ക്. ബൈക്കിന് ആകെ ഒരു ഗിയര്‍ മാത്രമേയുുള്ളൂ. ബ്രേക്ക് ഇല്ല. സേഫ്റ്റിക്ക് വേണ്ടി ബ്രേക്ക് ഒഴിവാക്കി. വണ്ടി ഓടിക്കുമ്പോള്‍ ഗിയര്‍ ലോക്ക് ആകും. ആക്സിലേറ്റര്‍ മാത്രമാണ് വണ്ടിയുടെ ആകെയുള്ള കണ്‍ട്രോള്‍. അതില്‍ എന്റെ കഥാപാത്രത്തിന്റെ പെര്‍ഫെക്ഷന് വേണ്ടി ഒരു ജീവൻ മരണ പോരാട്ടമാണ് ഞാൻ നടത്തിയത്. ആദ്യ റൈഡിനു വേണ്ടി ഒരു ഫോട്ടോ എടുക്കാൻ ഞാൻ ആവശ്യപ്പെടുകയായിരുന്നു. ആ ഫോട്ടോയാണ് ഇത്. എല്ലാവരും എന്നെ മരണക്കിണറിനുള്ളിലാക്കി ആകെയുള്ള എൻട്രൻസും ലോക്ക് ചെയ്‍തു. എന്റെ ജീവിതത്തിലെ ഏറ്റവും ഏകാന്തമായ ഒരേ ഒരു നിമിഷമായിരുന്നു അത്. ഇത് ഓടിക്കുമ്പോള്‍ ബൈക്കിന്റെ സ്‍പീഡും വൃത്താകൃതിയിലുള്ള മൂവ്‍മെന്റും കാരണം എനിക്കൊന്നും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. സാധാരണ ഒരാള്‍ക്ക് മരണക്കിണറിലെ ബൈക്ക് പെര്‍ഫെക്റ്റ് ആയി ഓടിക്കാൻ ആറ് മാസമെങ്കിലും വേണ്ടിവരും. ഒരു പെര്‍ഫെക്റ്റ് റൈഡ് കിട്ടാൻ ഏഴില്‍ കൂടുതല്‍ തവണ ആ രംഗം ചിത്രീകരിച്ചു. മരണക്കിണറിനകത്തു കാമറ സെറ്റ് ചെയ്യാൻ ക്യാമറ യൂണിറ്റ് സമ്മതിച്ചില്ല. അതുകൊണ്ടുതന്നെ കിണറിന്റെ മുകള്‍ ഭാഗത്ത് നിന്നാണ് ആ രംഗം ചിത്രീകരിച്ചത്. ചിത്രീകരിച്ച വില്യംസും കുറച്ച് കഷ്‍ടപ്പെടേണ്ടി വന്നു. ദൈവം മഹാനാണ് എന്നും ബാബു ആന്റണി പറയുന്നു.