മലയാള സിനിമാ ലോകത്ത് ഒരുകാലത്ത് ആക്ഷൻ ഹീറോ ആയും വില്ലനായും തിളങ്ങി നിന്നിരുന്ന നടനാണ് ബാബു ആന്റണി. ആക്ഷൻ രംഗങ്ങളിലെ മികവാണ് ബാബു ആന്റണിക്ക് ആരാധകരെ നേടിക്കൊടുത്തത്. കുറെക്കാലം ബാബു ആന്റണി സിനിമയില്‍ നിന്ന് ഇടവേളയുമെടുത്തു. ഇപ്പോള്‍ വലിയ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് ബാബു ആന്റണി. അതിന്റെ വിശേഷങ്ങള്‍ ബാബു ആന്റണി അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഒരു സെല്‍ഫി ഫോട്ടോ ബാബു ആന്റണി ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സാധാരണ വിഗ് വെച്ചാണ് ബാബു ആന്റണി വരാറുള്ളത്. ഇത് വിഗ്ഗില്ലാതെയാണ് സെല്‍ഫി എടുത്തിരിക്കുന്നത്. ഇതാണ് യഥാര്‍ഥ താൻ എന്ന് ക്യാപ്ഷൻ എഴുതിയിട്ടുള്ള ഫോട്ടോയ്‍ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി തിരിച്ചുവരവ് നടത്തുന്നത്. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന് പ്രാധാന്യമുള്ളത് തന്നെയാകും പവര്‍ സ്റ്റാര്‍. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുൻ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. പവര്‍ സ്റ്റാര്‍ ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഒക്ടോബറോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് ആലോചന എന്നായിരുന്നു നേരത്തെ ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്. കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.