ചിത്രത്തിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാവും ബാബു ആന്‍റണി എത്തുക

ബാബു ആന്‍റണി നായകനാവുന്ന പുതിയ ചിത്രം 'സാന്‍റാ മരിയ'യുടെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ വിനു വിജയ് ആണ്. സംവിധായകനും തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയുടേതാണ് രചന. ഒരു കയ്യിൽ വീണയും മറുകയ്യിൽ ചോര വാർന്ന ചുറ്റികയുമായി ഒരു സോഫയിൽ ഇരിക്കുന്ന സാന്‍റാക്ലോസ് ആണ് പോസ്റ്ററില്‍.

ഡോണ്‍ ഗോഡ്‍ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ ലീമോൻ ചിറ്റിലപ്പിള്ളിയാണ് നിർമ്മാണം. ഏറെനാളത്തെ ഇവേളയ്ക്കു ശേഷമാണ് ബാബു ആന്‍റണി മലയാളത്തിലേക്ക് നായകനായി തിരിച്ചെത്തുന്നത്. ബാബു ആന്‍റണിയെ നായകനാക്കി ഒമര്‍ ലുലു പ്രഖ്യാപിച്ചിരിക്കുന്ന 'പവര്‍ സ്റ്റാറി'നു മുന്‍പ് ചിത്രീകരണം ആരംഭിക്കുന്നത് ഈ ചിത്രമായിരിക്കും. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി നവംബറില്‍ ചിത്രീകരണം ആരംഭിക്കും. 

ഒരു ക്രിസ്‍മസ് കാലത്ത് കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും അതേത്തുടര്‍ന്ന് പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമിടയില്‍ പരസ്‍പരമുണ്ടാവുന്ന ശത്രുതയും തുടർന്നുണ്ടാവുന്ന ചില സംഭവവികാസങ്ങളുമാണ് സാന്‍റാ മരിയയുടെ ഇതിവൃത്തം. ചിത്രത്തിൽ ഒരു മാധ്യമപ്രവര്‍ത്തകന്‍റെ വേഷത്തിലാവും ബാബു ആന്‍റണി എത്തുക. ഇർഷാദ്, അലൻസിയർ, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിൻ സോയ, ഇടവേള ബാബു, ശ്രീജ നായർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തിലെ ഒരു സൂപ്പർ താരവും അതിഥി വേഷത്തില്‍ എത്തിയേക്കും.

ഛായാഗ്രഹണം ഷിജു എം ഭാസ്‍കര്‍, സംഗീതം കേദാർ, കോ ഡയറക്ടര്‍ വിവേക് പിള്ള, എഡിറ്റിംഹ് ജോസ് അറുകാലിൽ, വസ്ത്രാലങ്കാരം സപ്‍ന ഫാത്തിമ, ചീഫ് അസോസിയേറ്റ് കുടമാളൂർ രാജാജി, അസോസിയേറ്റ് ഡയറക്ടർ അമൽദേവ് കെ ആര്‍, പ്രോജക്റ്റ് ഡിസൈനർ കിഷോർ ബാലു, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വർഗീസ് പി സി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഫ്‍സല്‍ സലീം, പ്രോജക്ട് കോഡിനേറ്റർ മെപ്പു, പിആർഒ പ്രതീഷ് ശേഖർ 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona