350 കോടി ബജറ്റില്‍ എത്തിയ ചിത്രം

ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു. 350 കോടി ബജറ്റിലെത്തിയ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രത്തിന് ലഭ്യമായ കണക്കുകള്‍ പ്രകാരം 60 കോടിക്ക് താഴെ മാത്രമാണ് നേടാനായത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ പൂജ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് തങ്ങള്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നാരോപിച്ച് ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ നേരത്തെ പരാതിയുമായി എത്തിയിരുന്നു. ഇപ്പോഴിതാ സമാന പരാതിയുമായി ചിത്രത്തിന്‍റെ സംവിധായകനും സംവിധായകരുടെ സംഘടനയെ സമീപിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ എത്തുകയാണ്.

നിര്‍മ്മാതാവ് വഷു ഭഗ്‍നാനി തനിക്ക് 7.30 കോടി രൂപ നല്‍കാനുണ്ടെന്ന് സംവിധായകന്‍ അലി അബ്ബാസ് സഫര്‍ സംവിധായകരുടെ സംഘടനയിലാണ് പരാതിപ്പെട്ടത്. ജൂലൈയില്‍ നല്‍കിയ പരാതി സംബന്ധിച്ച് ഇപ്പോഴാണ് വാര്‍ത്തകള്‍ എത്തുന്നത്. ജൂലൈ 31 ന് വിഷയത്തില്‍ ഇടപെടണമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസ് എന്ന സംഘടനയോട് സംവിധായകരുടെ സംഘടന അഭ്യര്‍ഥിച്ചിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫെഡറേഷന്‍ നിര്‍മ്മാതാവിന് കത്തും നല്‍കി. എന്നാല്‍ അലി അബ്ബാസ് സഫറിന്‍റെ ആരോപണം പൂജ എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിഷേധിക്കുകയായിരുന്നു.

നിയമപ്രകാരമുള്ള ബാധ്യതയല്ല ഇതെന്നാണ് നിര്‍മ്മാതാക്കളുടെ വാദം. അതേസമയം ആരോപണത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ സംവിധായകനോട് ഫെഡറേഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം വിഷയം മാധ്യമങ്ങളുടെ മുന്നില്‍ എത്തേണ്ടെന്നായിരുന്നു സംവിധായകന്‍റെ താല്‍പര്യം. അത് പ്രതിഫലം വീണ്ടും വൈകാന്‍ കാരണമാക്കുമെന്ന് കരുതിയായിരുന്നു ഇത്. 

അതേസമയം ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ അല്ലാതെ മറ്റ് രണ്ട് ചിത്രങ്ങളിലെ അണിയറക്കാര്‍ക്കും പൂജ എന്‍റര്‍ടെയ്ന്‍‍മെന്‍റ് പ്രതിഫലം ബാക്കി നല്‍കാനുണ്ടെന്ന് ഫെഡ‍റേഷന്‍ പ്രസിഡന്‍റ് ബി എന്‍ തിവാരി നേരത്തെ പറഞ്ഞിരുന്നു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, മിഷന്‍ റാണിഗഞ്ജ്, ഗണപത് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി അണിയറക്കാര്‍ക്ക് 65 ലക്ഷം നല്‍കാനുണ്ടെന്നാണ് ഫെഡറേഷന്‍റെ കൈയിലുള്ള കണക്ക്. 250 കോടിയുടെ കടം തീര്‍ക്കാനായി പൂജ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ മുംബൈയിലെ ഏഴുനില കെട്ടിടം വിറ്റതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജീവനക്കാരില്‍ 80 ശതമാനത്തെയും കമ്പനി പറഞ്ഞുവിട്ടിട്ടുണ്ട്. 

ALSO READ : ബിഗ് കാന്‍വാസില്‍ ഞെട്ടിക്കാന്‍ ജൂനിയര്‍ എന്‍ടിആര്‍; 'ദേവര' റിലീസ് ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം