അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ അഭിനയിക്കാത്തത് കൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി എന്നാണ് ബൈജു സന്തോഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. നിരവധി പേരാണ് ബൈജുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

ദാദസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ മോഹൻലാൽ സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങുന്നതിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് തനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അടൂർ പറഞ്ഞത്. ഇതിന് മറുപടിയെന്നോണം നന്ദി പറയുന്നതിനിടെ മോഹൻലാൽ പറഞ്ഞ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. "എന്നെക്കുറിച്ച് ആദ്യമായി നല്ലത് പറഞ്ഞ.. അല്ല ഞങ്ങള്‍ ഒരുപാട് വേദികളില്‍ ഒരുമിച്ച് ഇരുന്നിട്ടുണ്ട്...എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു." എന്നായിരുന്നു മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞത്.

ഇപ്പോഴിതാ അടൂരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. 'ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തത് കൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി' എന്നാണ് പരിപാടിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോക്ക് താഴെ താരം കമന്റ് ചെയ്തിരിക്കുന്നത്. ശേഷം നിരവധി പേരാണ് ബൈജുവിന് പിന്തുണയുമായി കമന്റ് ചെയ്യുന്നത്.

അടൂരിന്റെ വാക്കുകൾ

"എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവർത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാർഡ് നല്‍കിയ ജൂറി അംഗമായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്." അടൂർ പറഞ്ഞു.