ദാദാസാഹേബ് ഫാൽക്കെ പുരസ്കാര നേട്ടത്തിൽ സംസ്ഥാന സർക്കാർ മോഹൻലാലിനെ ആദരിച്ചു. രണ്ട് ദശാബ്ദം മുൻപ് തനിക്ക് പുരസ്കാരം ലഭിച്ചപ്പോൾ ഇത്തരം ആഘോഷങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചടങ്ങിൽ പങ്കെടുത്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ദാദസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ആദരം ഇന്നലെ മോഹൻലാൽ ഏറ്റുവാങ്ങി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നിരവധി പേരാണ് മോഹൻലാലിനെ കാണാനായി എത്തിയത്. സിനിമ- സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ മോഹൻലാലിന്റെ മറുപടി പ്രസംഗം വലിയ രീതിയിലാണ് ജനങ്ങൾ വരവേറ്റത്, എന്നാൽ അതിനിടയിൽ സംവിധായകന് അടൂർ ഗോപാലാകൃഷ്ണൻ പറഞ്ഞ വാക്കുകളും ചർച്ചയായിരുന്നു. ആദ്യമായി ദാഹസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മലയാളിയാണ് അടൂർ ഗോപാലകൃഷ്ണൻ. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് തനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അടൂർ പറഞ്ഞത്.

"എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവർത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാർഡ് നല്‍കിയ ജൂറി അംഗമായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്." അടൂർ പറഞ്ഞു.

അടൂർ സാറിന് നന്ദി

ഇതിന് മറുപടിയെന്നോണം "എന്നെക്കുറിച്ച് ആദ്യമായി നല്ലത് പറഞ്ഞ.. അല്ല ഞങ്ങള്‍ ഒരുപാട് വേദികളില്‍ ഒരുമിച്ച് ഇരുന്നിട്ടുണ്ട്...എന്നെപ്പറ്റി സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാൻ അറിയിക്കുന്നു." എന്നാണ് മോഹൻലാൽ പറഞ്ഞത്. എന്തായാലും മോഹൻലാലിന്റേയും അടൂരിന്റേയും വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

YouTube video player