Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്റെ മരണം: നിയമപോരാട്ടം തുടരുമെന്ന് അച്ഛൻ ഉണ്ണി, സിബിഐ കുറ്റപത്രത്തിനെതിരെ കോടതിയിലേക്ക്

സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു

Balabhaskar death case will continue legal fight says Unni
Author
Thiruvananthapuram, First Published Feb 2, 2021, 6:42 PM IST

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിയമപോരാട്ടം തുടരുമെന്ന് അച്ഛൻ ഉണ്ണി. നിയമ പോരാട്ടം തുടരും. അന്വേഷണ റിപ്പോർട്ടിനെതിരെ കോടതിയെ സമീപിക്കും. സുപ്രീം കോടതി വരെ പോകും. സിബിഐ സംഘം പല വശങ്ങളും അന്വേഷിച്ചില്ലെന്ന് വേണം മനസിലാക്കാൻ. മറ്റൊരു സംഘത്തെ അന്വേഷണം ഏൽപിക്കണമെന്ന് ആവശ്യപ്പെടും. ഏറെ പ്രതീക്ഷയോടെയാണ് സിബിഐ അന്വേഷണത്തെ കണ്ടത്. അവരുടെ കണ്ടെത്തൽ ഇങ്ങനെയായത് ദു:ഖകരമെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്കർ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നിൽ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തൽ. വണ്ടിയോടിച്ചിരുന്ന അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അർജുൻ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങൾ നൽകിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്. 

സിബിഐ 132 സാക്ഷിമൊഴികളും 100 രേഖകളും കോടതിയിൽ സമർപ്പിച്ചു. 2018 സെപ്തംബർ 25 നാണ് അപകടം നടന്നത്. അപകടത്തിൽ ബാലഭാസ്കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. അർജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നൽകിയത്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നൽകിയത്. കള്ളകടത്ത് സംഘം ബാലഭാസ്ക്കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. 
 

Follow Us:
Download App:
  • android
  • ios