തന്റെ പ്രശസ്ത നോവലായ 'ഫ്രാൻസിസ് ഇട്ടിക്കോര' സിനിമയാക്കിയാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാനാവില്ലെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ.
ടി.ഡി രാമകൃഷ്ണൻ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് 'ഫ്രാൻസിസ് ഇട്ടിക്കോര'. 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയായ കോരപാപ്പന്റെയും തലമുറയുടെയും കഥ പറയുന്ന നോവൽ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകം കൂടിയാണ്. ഫ്രാൻസിസ് ഇട്ടിക്കോര സിനിമയാവണമെന്ന വായനക്കാരുടെ ആഗ്രഹം പലപ്പോഴും ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഫ്രാൻസിസ് ഇട്ടിക്കോര സിനിമയായാൽ മമ്മൂട്ടിയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണൻ.
"മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ എന്റെ കഥാപാത്രമായ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ല. പല തവണ ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണിത് കോരപാപ്പനായിട്ട് വേറെ ഒരാളെയും സങ്കല്‍പ്പിക്കാൻ പറ്റില്ല. മമ്മൂക്ക അല്ലാതെ മറ്റൊരാൾക്കും കോരപാപ്പനായിട്ട് അഭിനയിക്കാനും പറ്റില്ല. മമ്മൂട്ടിയുടെ പ്രായം ഒരു വിഷയമല്ല. സിനിമയാക്കാൻ എളുപ്പത്തിൽ പറ്റുന്ന ഒരു കാര്യമല്ല."ടി.ഡി രാമകൃഷ്ണൻ പറയുന്നു.
"മമ്മൂട്ടി അല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പറ്റുന്നില്ല. ചിലപ്പോൾ അദ്ദേഹമായിട്ടുള്ള അടുപ്പം കൊണ്ടാവാം അങ്ങനെ തോന്നുന്നത്. ഇട്ടിക്കോരയുടെ ആദ്യ വായനക്കാരിൽ ഒരാളാണ് മമ്മൂക്ക. അദ്ദേഹം ആ പുസ്തകം ഒന്നിൽ കൂടുതൽ വായിച്ചിട്ടുണ്ട്. അതിന്റെ സ്പിരിറ്റ് ഉൾക്കൊള്ളുന്ന ഒരാളാണ്. ആളുടെ രൂപത്തെക്കാൾ ഉപരി ആ കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്നും വളരെ പ്രധാനപ്പെട്ടതാണ്." ടി.ഡി രാമകൃഷ്ണൻ പറഞ്ഞു. കേരള ലെജിസ്ലേറ്റർ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു ടി.ഡി രാമകൃഷ്ണന്റെ വാക്കുകൾ.
ഫ്രാൻസിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗം 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ' എന്ന പുസ്തകം പുറത്തിറങ്ങാൻ പോവുകയാണ്. നേരത്തെ രാഹുൽസദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ 'ഭ്രമയുഗം' എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത് ടി.ഡി രാമകൃഷ്ണനായിരുന്നു.


