മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. കേരള മുഖ്യമന്ത്രിയായ കടക്കല്‍ ചന്ദ്രനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ സിനിമയിലെ ബാലചന്ദ്ര മേനോന്റെ ലുക്കാണ് ചര്‍ച്ചയാകുന്നത്. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. 26ന് ആണ് ചിത്രം റിലീസ് ചെയ്യുക.

ഡോ. ശ്രീകര്‍ വര്‍മ്മ എന്നാണ് വണിലെ ബാലചന്ദ്ര മേനോന്റെ കഥാപാത്രത്തിന്റെ പേര്. ഗംഭീര ലുക്കിലാണ് ബാലചന്ദ്രമേനോൻ ഫോട്ടോയിലുള്ളത്.  സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി- സഞ്‍ജയ് തിരക്കഥ എഴുതിയിരിക്കുന്നു. ബാലചന്ദ്ര മേനോന്റെ ഫോട്ടോ താരങ്ങള്‍ തന്നെയാണ് ഷെയര്‍ ചെയ്‍തത്. ഇഹാന കൃഷ്‍ണകുമാര്‍, നിമിഷ സജയൻ, ശങ്കര്‍ രാമകൃഷ്‍ണൻ, രഞ്‍ജിത്ത്, മുരളി ഗോപി തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ വണ്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ അഭിനയം തന്നെയാകും ചിത്രത്തിന്റെ ആകര്‍ഷണം.

കേവലം രാഷ്‍ട്രീയ സിനിമയെന്നതിലുപരി കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതാകും വണ്‍.