തെയ്യം പോലെ മനോഹരമായ ചിത്രം; 'ചാവേറി'നെ കുറിച്ച് പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ
കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കയ്യടികൾ നേടുകയാണ്.

തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ടിനു പാപ്പച്ചൻ ചിത്രം 'ചാവേറി'ന് പ്രശംസകളുമായി പ്രശസ്ത സിനിമാ നിരൂപകൻ ഭരദ്വാജ് രംഗൻ. തെയ്യത്തിൻ്റെ പ്രകടനം പോലെ അത്രക്ക് മനോഹരമായിട്ടാണ് ചാവേർ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞു. സ്ഥിരം കുറ്റവും ശിക്ഷയും കഥ തന്നെയാണെങ്കിലും ചിത്രം ഒരുക്കിയിരിക്കുന്ന രീതിയാണ് ഏറ്റവും മികച്ചതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. സ്റ്റൈലാണ് ചിത്രത്തിൻ്റെ കാമ്പ് എന്നും ഇരയും വേട്ടക്കാരനും അപ്രതീക്ഷിതമായി മാറിമറിയുന്ന കാഴ്ച പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നുവെന്നും എല്ലാ അഭിനേതാക്കൾക്കും കൃത്യമായ ഒരു ഇടം ചിത്രത്തിൽ ഉണ്ടെന്നും ഭരദ്വാജ് രംഗൻ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കയ്യടികൾ നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. ടിനു പാപ്പച്ചൻ്റെ തനതായ മേക്കിംഗ് ശൈലി പുത്തൻ ചലച്ചിത്രാനുഭവം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആകാംക്ഷയുടെയും ഉദ്വേഗത്തിൻ്റെയും ഒരു നൂലിൽ കൂടിയാണ് ചിത്രം കൊണ്ടുപോകുന്നത്. അതിൽ വ്യക്തി ബന്ധങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും ചിത്രങ്ങളും വരച്ചു ചേർത്തിരിക്കുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥയാണ് ചാവേറായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് നിർമ്മിച്ച ചിത്രത്തിൽ മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ മികവാർന്ന പ്രകടനവും കാഴ്ച വെച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ഗാനങ്ങളും ചാവേറിനെ ഏറെ മനോഹരമാക്കുന്നുണ്ട്.
'എന്തുനല്ല പാട്ടായിരുന്നു, എന്തിനീ ക്രൂരത..'; 'ലിയോ' മലയാളം ഗാനത്തിന് ട്രോളോട് ട്രോൾ, വിമർശനം