മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
തന്‍റെ ആദ്യ സംവിധാന സംരംഭമായ 'ബറോസി'ലെ (Barroz) ക്യാരക്റ്റര്‍ സ്കെച്ച് പങ്കുവച്ച് മോഹന്‍ലാല്‍ (Mohanlal). തന്‍റെയും ഒരു പെണ്‍കുട്ടിയുടെയും കഥാപാത്രങ്ങളുടെ സ്കെച്ച് ആണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. സേതു ശിവാനന്ദനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന സിനിമയുടെ ചിത്രീകരണം നാളെ പുനരാരംഭിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയത്തുതന്നെ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ ചിത്രീകരണം നടത്തിയിരുന്നെങ്കിലും ഷൂട്ട് ചെയ്‍തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് മരക്കാര്‍ പ്രൊമോഷനിടെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടുപോയതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നമുള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിദേശ താരങ്ങളുടെ കാസ്റ്റില്‍ വ്യത്യാസമുണ്ടാവുമോ എന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
