ജ്യോതികയാണ് ചിത്രത്തിലെ നായിക

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രീകരണം കഴിഞ്ഞിട്ട് ഒരു വര്‍ഷത്തോളമായ ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന് ആദ്യദിനം വന്‍ പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം തന്നെ കണ്ട സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പങ്കുവച്ചു. തിയറ്ററില്‍ നിന്ന് ചിത്രം കണ്ടിറങ്ങിയ ബേസില്‍ യുട്യൂബ് ചാനലുകാരോടാണ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

"നല്ല സിനിമയായിരുന്നു. ഉഗ്രന്‍. ഞെട്ടിച്ചുകളഞ്ഞു. ഭയങ്കര സമകാലിക പ്രസക്തിയുള്ള വിഷയമാണ്. ഗൗരവമുള്ളതും സെന്‍സിറ്റീവ് ആയതുമായ വിഷയം. വളരെ വൃത്തിയായിട്ട് എടുത്തിട്ടുമുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോള്‍സണ്‍, ആദര്‍ശ് എല്ലാവരും കൈയടി അര്‍ഹിക്കുന്നു. ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് തന്നെ വലിയ നേട്ടമാണ്. സിനിമ കാണുമ്പോള്‍ ഇമോഷണല്‍ ആവും. റിലേറ്റ് ചെയ്യാന്‍ പറ്റും", ബേസില്‍ പറഞ്ഞു.

ജ്യോതികയാണ് ചിത്രത്തിലെ നായിക. ആദ്യമായാണ് മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട് ചിത്രത്തില്‍ ഈ കഥാപാത്രം. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. അതേസമയം ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ച ചിത്രം ഇന്ന് ഗോവ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതല്‍ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. 

ALSO READ : മോഹന്‍ലാല്‍, പ്രഭാസ്, ശിവരാജ് കുമാര്‍; 'കണ്ണപ്പ' ഫസ്റ്റ് ലുക്ക് എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം