'അതിരടി' എന്ന സിനിമയുടെ പ്രധാന രംഗങ്ങൾ തിയേറ്ററുകളിൽ നിന്ന് അനധികൃതമായി പകർത്തി ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിക്കുന്നു. അതിഥി വേഷം ഉൾപ്പെടെയുള്ള സ്പോയിലറുകൾ അടങ്ങുന്നതാണ് ക്ലിപ്പുകള്‍.
ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭ എന്ന ലേബലോടെ എത്തിയ ചിത്രമാണ് അതിരടി. ബേസിലിനൊപ്പം ടൊവിനോ തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു അതിരടിയുടെ റിലീസ്. സിനിമ തിയറ്ററിൽ ചിരിവിരുന്നൊരുക്കി മുന്നേറുന്നതിനിടെ ഇൻസ്റ്റാഗ്രാമിൽ ചില ക്ലിപ്പിംഗ് പ്രചരിക്കുകയാണ്.

അതിരടിയുടെ അതിഥി വേഷം ഉൾപ്പടെയുള്ള വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നുണ്ട്. തിയറ്ററിൽ നിന്നും റെക്കോർഡ് ചെയ്ത വീഡിയോകളാണ് ഷോർട്ടാക്കി പ്രചരിപ്പിക്കുന്നത്. ആ രംഗവുമായി ബന്ധപ്പെട്ട ക്യാപ്ഷനുകളോടെ പ്രചരിക്കുന്ന ഈ വീഡിയോകൾ അണിയറ പ്രവർത്തകരോ ബേസിൽ ജോസഫോ കണ്ടില്ലെ എന്നാണ് പലരും ചോദിക്കുന്നത്. ഇങ്ങനെ ഒരു സിനിമയെ സ്പോയിലറാക്കുന്നതെന്തിനെന്നും ഇതിലും ഭേദം മുഴുവൻ സിനിമയും എടുത്തിടുന്നതാണെന്നും വിമർശകർ കമന്റിൽ കുറിക്കുന്നു.
നേരത്തെ വാഴ 2 സിനിമയുടെ ഷോർട് വീഡിയോകളും ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചിരുന്നു. ഇനിയും സിനിമ കാണാനുള്ളവരുടെ ആവേശം നശിപ്പിക്കുന്നതാണ് ഇത്തരം പ്രചരങ്ങൾ എന്ന് അന്നും നിരവധി പേർ രോഷത്തോടെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അതിരടിയുടെ ഭാഗങ്ങളും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. "ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് എന്ത് ലാഭമാണ് ലഭിക്കുന്നത്?, ഇതൊന്നും ബേസിൽ ജോസഫ് കാണുന്നില്ലേ, ഇവന്മാരെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കണം, മറ്റുള്ളവരുടെ സിനിമാസ്വാദനത്തെ ബാധിക്കുന്ന ഇത്തരം പ്രവർത്തികൾ നിർത്തലാക്കണം. തിയറ്ററിൽ ഫോൺ വിലക്കണം", എന്നിങ്ങനെ പോകുന്നു വിമർശന കമന്റുകൾ.
ബേസിൽ ജോസഫ് എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എൻ്റർടൈൻമെൻ്റ്‌സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് അതിരടി നിർമിച്ചത്. മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അരുൺ അനിരുദ്ധാണ് സംവിധാനം. അരുണിന്റെ ആദ്യ സംവിധാനമാണിത്.



